ശില്പി കാനായി കുഞ്ഞിരാമന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ചെയര്‍ മാന്‍ കെ. ജയകുമാര്‍ ഉപഹാരം നല്കുന്നു.
കാഞ്ഞങ്ങാട്: കരിങ്കല്ലും ലോഹവും കോണ്‍ക്രീറ്റുമൊക്കെ താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ മെരുക്കിയെടുക്കുമ്പോള്‍ കാനായി കുഞ്ഞിരാമന്റെ വിരലുകളില്‍ ത്രസിക്കുന്നത് ദൈവാംശമല്ലാതെ മറ്റൊന്നുമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് കെ. ജയകുമാര്‍.
പുല്ലൂര്‍ വണ്ണാര്‍വയല്‍ അഡ്വ. പി. കൃഷ്ണന് നായര്‍ സ്മാരക റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി നടത്തിയ ഒരേയൊരു കാനായി പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരെല്ലാം കലാകാരന്മാരാണെന്നും മാതൃഭാഷ പലതായിരിക്കാമെങ്കിലും അവരുടെ ജന്മഭാഷ കലയാണെന്ന് ശില്പി കാനായി കുഞ്ഞിരാമന് പറഞ്ഞു.
മറ്റു ദേശങ്ങളെക്കാളുപരി നമ്മുടെ കേരളം നന്നാവണം. അതിനു കേരളം കലകൊണ്ടു നിറയണമെന്നാണ് എന്റെ ആഗ്രഹം. എല്ലാവര്‍ഷവും ശില്പ-ചിത്രകലാ പ്രദര്‍ശനം ഒരുക്കുവാന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം സംഘാടകരോട് ആവശ്യപ്പെട്ടു. പി. പദ്മനാഭന് അധ്യക്ഷത വഹിച്ചു.
ചലച്ചിത്രസംവിധായകരായ രാജീവ് അഞ്ചല്‍, നേമം പുഷ്പരാജ്, നിരൂപകന് ഇ.പി. രാജഗോപാലന്‍, പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത, പഞ്ചായത്തംഗങ്ങളായ നാരായണന് മാടിക്കാല്‍, കെ. ബിന്ദു, ചിത്രകാരന് രാജേന്ദ്രന് പുല്ലൂര്‍, പി. വേണുഗോപാലന്‍, രാജു ഭദ്രന്, ബിന്ദു ജയകുമാര്‍, വി. രാജന്, അനില്‍ പുളിക്കാല്‍, പി.വി. ശ്യാമള എന്നിവര്‍ പ്രസംഗിച്ചു.