x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈപ്പിലെ വെള്ളത്തിനു നാറ്റം; കാലിക്കുടങ്ങളുമായി നാട്ടുകാരുടെ കലിപ്പ്; പൈപ്പ് മാറ്റാമെന്ന് അഥോറിറ്റി

കൊച്ചി ബ്യൂറോ
Published: January 6, 2026 11:46 AM IST | Updated: January 6, 2026 11:46 AM IST

കൊച്ചി: ചെല്ലാനത്തെ കുടിവെള്ള പ്രശ്‌നത്തിനെതിരെയുള്ള സമരം താത്കാലികമായി അവസാനിപ്പിച്ച് നാട്ടുകാര്‍. വാട്ടര്‍ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മായയുമായി നടത്തിയ ചര്‍ച്ചയില്‍ അടുത്ത ദിവസം പൊട്ടിയ പൈപ്പുകള്‍ മാറ്റി പമ്പിംഗ് നടത്താമെന്നു തീരുമാനമായതോടെയാണ് താത്കാലികമായി സമരം നിര്‍ത്തിവച്ചത്.

ചെല്ലാനം പഞ്ചായത്ത് പ്രസിഡന്‍റ് ജെസി അഗസ്റ്റിന്‍, ചെല്ലാനം സെന്‍റ് ജോര്‍ജ് പള്ളി വികാരി ഫാ. സാംസണ്‍ ആഞ്ഞിലിപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഫലം കണ്ടത്. അതേസമയം, കുടിവെള്ള പ്രശ്‌നത്തിനു ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ചെല്ലാനത്തു നാട്ടുകാര്‍ തീരദേശപാത ഉപരോധിച്ചിരുന്നു. ഒരു മാസത്തിലേറെയായി പ്രദേശത്തു കുടിവെള്ളം ലഭിക്കുന്നില്ല.

നിരവധി തവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ചെല്ലാനം പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ നിവാസികള്‍ പ്രതിഷേധിച്ചത്. വാര്‍ഡ് മെംബര്‍ ടോണി തയ്യിലിന്റെ നേതൃത്വത്തില്‍ തീരദേശ ഹൈവേയിലെ മാളികപറമ്പ് കവലയിലെ റോഡ് ഉപരോധിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി.

വീട്ടമ്മമാര്‍ കാലിക്കുടങ്ങളുമായി റോഡില്‍ എത്തിയതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കണ്ണമ്മാലി സിഐയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം സമരക്കാരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രൂക്ഷ ഗന്ധമുള്ള മലിനജലമാണ് പൈപ്പുകളില്‍ ഇപ്പോള്‍ എത്തുന്നതെന്നും എത്ര പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറയായി ഇരിക്കുന്ന സംവിധാനങ്ങളെ അനക്കാനുള്ള സമരമാണിതെന്നും ഫാ. സാംസണ്‍ ആഞ്ഞിലിപറമ്പില്‍ പറഞ്ഞു.

Tags : water Locals protest kochi water authority pipe chellanam

Recent News

Up