പത്തനംതിട്ട: കാർഷിക വിളകളും ജീവനോപാധിയും സംരക്ഷിക്കുന്നതിന് സ്ഥിരതയുള്ള സംവിധാനം രൂപപ്പെടുത്തണമെന്ന നിർദേശവുമായി കാട്ടുപന്നി പ്രശ്ന ലഘൂകരണത്തിനുള്ള നയരൂപീകരണ ശില്പശാലയ്ക്ക് തുടക്കമായി.
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യതതിലാണ് രണ്ടുദിവസത്തെ ശില്പശാല തെള്ളിയൂരിൽ നടക്കുന്നത്. നബാര്‍ഡ് സാമ്പത്തിക സഹായത്തോടെ കൃഷി, വനംവകുപ്പുകളുടെ സഹകരണത്തോടെയാണ് ശില്പശാല.
കാട്ടുപന്നി പ്രശ്നങ്ങള്‍ക്കുള്ള ലഘൂകരണ നടപടികള്‍ക്ക് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, വനവകുപ്പ്, കാര്‍ഷിക വകുപ്പ്, കെവികെ, ഗവേഷണ സ്ഥാപനങ്ങൾ, കര്‍ഷക സംഘടനകള്‍ എന്നിവയുടെ ഏകോപിത പ്രവര്‍ത്തനം ഉറപ്പാക്കും.
നഷ്ടപരിഹാര സംവിധാനത്തെ ലളിതവും സമയബന്ധിതവും സുതാര്യവുമാക്കുക, സാങ്കേതികവിദ്യ, പിആർഎ അടിസ്ഥാനത്തിലുള്ള ഗ്രാമതല മൈക്രോ പ്ലാനിംഗ്, സമൂഹാടിസ്ഥാനത്തിലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സ്ഥിരതയുള്ള സംഘർഷത്തിൽ നിന്ന് സഹവർത്തിത്വത്തിലേക്ക് എന്ന മാതൃക പിന്തുടരണമെന്ന അഭിപ്രായവുമുണ്ടായി.
കാര്‍ഡ് ഡയറകടര്‍ റവ. ഷിബു സാമുവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മളനം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സഖറിയ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി.പി. റോബര്‍ട്ട് പദ്ധതി വിശദീകരണം നടത്തി.
കേരള കാര്‍ഷിക സര്‍വകലാശാല എന്റമോളജി വിഭാഗം ഡീന്‍ ഡോ. മണി ചെല്ലപ്പന് മുഖ്യപ്രഭാഷണം നടത്തി. റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് പൊബേഷനറി ഓഫീസര്‍ ജി. ആദര്‍ശ്, ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ സി. ഗിരിജ, നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ വി.എസ്. കിരൺ, ഡിസ്ട്രിക്റ്റ് ഡവലപ്മെന്റ് മാനേജര്‍ വിഷ്ണു എസ്. ദാസ്, കാര്‍ഡ് ട്രഷറാര്‍ വിക്ടര്‍ ടി. തോമസ്, കെവികെ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റ് ഡോ. സിന്ധു സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച് കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇന്നു നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത മുഖ്യതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം നിര്‍വഹിക്കും.