തിരുവനന്തപുരം: നിർദിഷ്ട തീരദേശ ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുള്ള ആശങ്കകൾ ജില്ലാ കളക്ടർക്ക് എഴുതി നൽകണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പരാതി ലഭിച്ചാൽ ജില്ലാ കളക്ടർ അതു പരിശോധിച്ചു നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശം നൽകി. നിർദിഷ്ട തീരദേശ ഹൈവേ പദ്ധതിയുടെ വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ അതു റദ്ദുചെയ്യാൻ കമ്മീഷന് അധികാരമില്ലെന്നും ബന്ധപ്പെട്ട കോടതിയിലാണ് അതു ചോദ്യം ചെയ്യേണ്ടതെന്നും ഉത്തരവിൽ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയിൽനിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പ്രദേശവാസികൾ ഉന്നയിച്ചിരിക്കുന്ന ആശങ്കകളുടെ നിജസ്ഥിതി പ്രദേശവാസികളെ അറിയിക്കുന്നതിലേക്കായി വിശദമായ ഒരു റിപ്പോർട്ട് ലഭ്യമാക്കാൻ നിർവഹണ ഏജൻസിയായ നാറ്റ്പാക്കിനു നിർദേശം നൽകിയിട്ടുണ്ടന്നു റിപ്പോർട്ടിൽ പറഞ്ഞു. പ്രദേശവാസികളുടെ ആശങ്കകൾ അകറ്റുന്നതിനു ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ സേവ് കോസ്റ്റൽ ലാന്റ് ആക്ഷൻ കൗണ്‍സിൽ വലിയവേളി പ്രതിനിധികളെയും എക്സിക്യൂട്ടീവ് എൻജിനീയറെയും നാറ്റ്പാക് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഒരു യോഗം വിളിക്കാൻ ജില്ലാ കളക്ടറോട് അഭ്യർഥിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പദ്ധതി നടപ്പിലായാൽ തീരദേശവാസികൾക്കു ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു പരാതിക്കാർ പറഞ്ഞു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണത്തിനു വിഘാതമായി നിൽക്കുന്ന തീരദേശ ഹൈവേ പദ്ധതി ഒഴിവാക്കണമെന്നു പരാതിക്കാരനായ സേവ് കോസ്റ്റൽ ലാന്റ് ആക്്ഷൻ കൗണ്‍സിൽ കണ്‍വീനർ മാഗ്ലിൻ പീറ്ററുടെ നേതൃത്വത്തിൽ 1352 പേർ ഒപ്പിട്ട് സമർപ്പിച്ച പരാതിയിൽ പറഞ്ഞു.
Tags : nattu vishesham Thiradesha Highway