നെന്മാറ: നെന്മാറ- ഒലിപ്പാറ റോഡിലെ പ്രധാന പാലമായ തിരുവഴിയാട് പാലത്തിന്റെ പുനർനിർമാണത്തിനു നടപടിയായില്ല. 16.5 കോടി രൂപയ്ക്ക് നെന്മാറ- ഒലിപ്പാറ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഈ റോഡിലുള്ള ഏറ്റവും പ്രധാന പാലമായ തിരുവഴിയാട് പാലം പുതുക്കിപ്പണിയുന്നതിനു തീരുമാനമില്ല.
റോഡ് നവീകരണത്തിൽനിന്ന് ഈ പാലത്തെ ഒഴിവാക്കിയാണ് കരാർ നൽകിയിരിക്കുന്നത്. പാലത്തിനായി പ്രത്യേക തുക വകയിരുത്തി പിന്നീട് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമിക്കും എന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
എന്നാൽ റോഡ് നവീകരണം ആരംഭിച്ച് മൂന്നുവർഷമായിട്ടും പാലംപണിക്കുള്ള പ്രാഥമിക നടപടികൾപോലും പൂർത്തിയായില്ല. കഴിഞ്ഞ മൂന്നു സംസ്ഥാന ബജറ്റുകളിലും പാലം പുതുക്കി പണിയുന്നതിന് തുക വകയിരുത്തിയതായി പറഞ്ഞെങ്കിലും.
പാലം പുതുക്കിപ്പണിയുന്നതിനുള്ള ഭരണപരമായ അംഗീകാരമോ ടെൻഡർ നടപടികളോ ആരംഭിച്ചില്ല. മാസങ്ങൾക്കകം ഈ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള റോഡ് വീതി കൂട്ടിയുള്ള നവീകരണ പ്രവർത്തനങ്ങൾ അവസാനിക്കുമെന്നു അധികൃതർ പറയുന്നു.
എന്നാൽ വീതി കൂടിയ റോഡ് ഇരുവശത്തുമായി എത്തിച്ചേരുന്ന തിരുവഴിയാട് പാലം ഒറ്റവരി ഗതാഗത സംവിധാനമുള്ള പഴകിയ ഇടുങ്ങിയ പാലമായി തുടരാനാണ് സാധ്യത.
കാലപ്പഴക്കത്താൽ പാലത്തിന്റെ കൈവരികളും കരിങ്കൽ തൂണുകളും പ്രധാന സ്ലാബും വിള്ളൽ മൂലം ദ്രവിച്ച കമ്പികൾ വെളിയിൽ കാണുന്ന രീതിയിലാണ്. ഭാരവാഹനങ്ങളും ബസുകളും കടന്നുപോകുമ്പോൾ കുലുക്കവും അനുഭവപ്പെടുന്നുണ്ട്.
റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനോടൊപ്പം പാലം നവീകരണം നടക്കാത്തതിനാൽ റോഡിന് ഇരുവശത്തും നിലവിലുള്ള രീതിയിൽ ഒറ്റവരി ഗതാഗതതടസം തുടരാനാണ് സാധ്യത. മഴക്കാലമായാൽ പാലം പണി നടത്താൻ കഴിയാത്ത വിധം പുഴയിൽ വെള്ളം ഒഴുക്കുണ്ടാവുന്ന സ്ഥലമാണിത്. പോത്തുണ്ടി അണക്കെട്ടിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നുമുള്ള വെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുകുന്നത് ഈ പുഴയിലൂടെയാണ്.
Tags : nattu vishesham Thiruvazhiyadu bridge