കിഫ്ബി ഫണ്ടുപയോഗിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിർമിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു.
നെടുമങ്ങാട്: സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും അത്ഭുതകരമായ നേട്ടങ്ങൾ കൈവരിച്ചുവെന്നു മന്ത്രി ജി.ആർ. അനിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആരോഗ്യ രംഗം ലോകോത്തര നിലവാരത്തിലാണ് എന്നതിന് ഉത്തമ ഉദാഹരണമാണ് കേരളത്തിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്. അമേരിക്കയേക്കാൾ താഴെയാണ് കേരളത്തിന്റെ ശിശു മരണ നിരക്ക്. കിടപ്പുരോഗികളെ സംരക്ഷിക്കാൻ വേണ്ടിയുള്ള പദ്ധതി വിവിധ തലങ്ങളിലായി സർക്കാർ വിജയകരമായി നടപ്പിലാക്കി.
റോബോട്ടിക് സർജറി സ ർക്കാർ തലത്തിൽ നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിനു ലഭിച്ചു. കിഫ്ബി ഫണ്ട് 89 കോടിയോളം രൂപ വിനിയോഗിച്ച് നെടുമങ്ങാട് ആശുപത്രിയിൽ ആറു നിലകളിലുള്ള പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 4.26 കോടി രൂപ ചിലവിൽ 12,480 ചതുരശ്ര അടിയിലാണു ബഹുനില കെട്ടിടം നിർമിച്ചിരിക്കുന്നത്. വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് പ്രവർത്തിക്കാനുള്ള പ്രത്യേക സജീകരണങ്ങളും ഇവിടെയുണ്ട്.
നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.വി. സുമി, എസ്. അജിത, സിന്ധു, ആർ. ജയദേവൻ, വിതുര രാജൻ, പൂവത്തൂർ ജയൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : G.R. Anil Local News Thiruvananthapuram Nattuvishesham