ഏറ്റുമാനൂർ: ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്കഴിക്കാൻ നിർദ്ദേശങ്ങളുമായി ഏറ്റുമാനൂർ ജനകീയ വികസന സമിതി. സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ട്രാഫിക് ബോധവത്കരണ സെമിനാറിലും ചർച്ചയിലും ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ അധികൃതർക്ക് സമർപ്പിക്കും.
- നിലവിലുള്ള പോലീസ് സംവിധാനം ഉപയോഗിച്ച് ഫലപ്രദമായ ഗതാഗത നിയന്ത്രണം ഫലപ്രദമാകില്ല. അടിയന്തരമായി ട്രാഫിക് കൺട്രോൾ യൂണിറ്റ് സ്ഥാപിക്കണം.
* ഗതാഗതത്തിരക്കേറുന്ന രാവിലെയും വൈകുന്നേരവും ടൗണിന്റെ വിവിധ ഭാഗങ്ങളിലെ പോക്കറ്റ് റോഡുകളിലൂടെ ചെറുവാഹനങ്ങൾ വഴിതിരിച്ചു വിടുക. പോക്കറ്റ് റോഡുകളിലെ അനധികൃത പാർക്കിംഗ് നിരോധിക്കുക.
* കുരിശുപള്ളിക്ക് മുന്നിലുള്ള സ്ഥലം നിരപ്പാക്കി വാഹനങ്ങൾ തിരിയാനുള്ള സാഹചര്യമൊരുക്കണം.
* തവളക്കുഴിയിലെ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെട്ട് എംസി റോഡിൽ അനധികൃത പാർക്കിംഗ് മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കാണണം.
* ടൗണിലെത്തുന്ന ചെറുവാഹനങ്ങൾക്ക് പാർക്കിംഗിന് ചിറക്കുളത്തിനു സമീപമുള്ള സ്ഥലം പാർക്കിംഗ് ഫീ ഏർപ്പെടുത്തി ക്രമീകരിക്കുക.
* പാലാ റോഡിൽനിന്നു വരുന്ന വാഹനങ്ങൾക്ക് ബോയ്സ് സ്കൂൾ ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് ഫീസ് ഏർപ്പെടുത്തി പാർക്കിംഗ് സൗകര്യമൊരുക്കുക.
* സെൻട്രൽ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിക്കുക. പാലാ റോഡിലെ സിഗ്നലിന്റെ സമയക്രമം ശാസ്ത്രീയമായി പരിഷ്കരിക്കുക.
* പട്ടിത്താനം റൗണ്ടാന വിസ്താരം കുറച്ച് മറുവശത്തുനിന്നുവരുന്ന വാഹനങ്ങൾ കാണാനുള്ള സംവിധാനമൊരുക്കുക.
* ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരത്തിനായി ടൗണിൻ ഫ്ളൈഓവർ നിർമിക്കുക.
* നീണ്ടൂർ റോഡിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽനിന്നാരംഭിച്ച് പോലീസ് സ്റ്റേഷനു മുന്നിലൂടെ എംസി റോഡിൽ എത്തുന്ന റോഡ് എട്ടു മീറ്റർ വീതിയിൽ വികസിപ്പിക്കുക.
* അതിരമ്പുഴ റോഡിൽനിന്ന് പോസ്റ്റ്ഓഫീസിനു മുന്നിലേക്കുള്ള റോഡ് നവീകരിച്ച് തുറന്നു കൊടുക്കുക.
* ക്ഷേത്രമൈതാനത്തുനിന്ന് എൻഎസ്എസ് ഓഫീസിനു മുൻവശത്തൂടെ ബൈപാസ് റോഡിലേക്കുള്ള വഴി എട്ടുമീറ്റർ വീതിയിൽ പുനർനിർമിക്കുക.
ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ച യോഗം നഗരസഭാധ്യക്ഷൻ ടോമി പുളിമാൻതുണ്ടം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ മാത്യു വാക്കത്തുമാലി, വിപിൻ സണ്ണി, വിപിൻ ബാബു, മേരിക്കുട്ടി ജോസഫ്, ടി.പി. മോഹൻദാസ്, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, പോലീസ് ഓഫീസർമാരായ സുനിൽ കുര്യൻ, സി.ടി. റെജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :
Local News Nattuvishesham Kottayam Ettumanoor