കരിമണ്ണൂര്‍: പഞ്ചായത്ത് പ്രദേശത്തെ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിടിവീഴും. വാര്‍ഡുകളിലെ വിവിധയിടങ്ങളില്‍ മാലിന്യനിക്ഷേപം പതിവായതോടെയാണ് കാമറ സ്ഥാപിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. ഇതനുസരിച്ച് ആദ്യഘട്ടത്തില്‍ 11 കാമറകളാണ് സ്ഥാപിച്ചത്.
ഒരുകാമറയ്ക്ക് 14,980 രൂപവച്ച് 1,24,000 രൂപയാണ് ഇതിനായി ചെലവഴിച്ചത്. കാമറ സ്ഥാപിക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. സോളാറില്‍ പ്രവര്‍ത്തിക്കുന്ന കാമറയ്ക്കുള്ളില്‍ മെമ്മറി കാര്‍ഡുപയോഗിച്ചാണ് പ്രവര്‍ത്തനം. മാലിന്യം നിക്ഷേപിച്ചതായി പരാതി ലഭിച്ചാല്‍ മെമ്മറി കാര്‍ഡ് പരിശോധിച്ച് ആളെ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യും. രാത്രി സമയങ്ങളിലാണ് കൂടുതലായും മാലിന്യ നിക്ഷേപം നടത്തുന്നത്.
വാഹനങ്ങളില്‍ എത്തിക്കുന്ന മാലിന്യം ജനവാസം കുറഞ്ഞ മേഖലകളിലാണ് കൊണ്ടുവന്നു തള്ളുന്നത്. പലയിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെയായിരുന്നു മാലിന്യം തള്ളുന്നത്. പഞ്ചായത്തിലെ തോടുകള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവിടങ്ങളിലും മാലിന്യം നിക്ഷേപം സമീപനാളില്‍ വര്‍ധിച്ചുവരികയാണ്.
കോട്ട-മിഷ്യന്‍കുന്ന് റോഡിലും സമീപത്തെ തോട്ടിലും രാത്രി സമയങ്ങളില്‍ വാഹനങ്ങളില്‍ മാലിന്യംകൊണ്ടുവന്ന് തള്ളുന്നത് പതിവാണ്.
തോട്ടിലെ കുളിക്കടവിലേക്കാണ് അറവുശാലകളിലെ മാലിന്യമടക്കം കൊണ്ടുവന്ന് തള്ളുന്നത്. തോട്ടില്‍ രാത്രി സമയങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായതോടെ നാട്ടുകാര്‍ ഇവരെ പിടികൂടാന്‍ കാവലിരിക്കേണ്ട സ്ഥിതിയാണ്. ഇവിടെയും അടിയന്തരമായി കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Tags : nattu vishesham Karimannur caught on camera