പട്ടാമ്പി: നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി മൂന്നുകോടി രൂപയുടെ ഭരണാനുമതി. തദ്ദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
സാധാരണഗതിയിൽ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനു തദ്ദേശ സ്ഥാപനങ്ങളാണ് ഫണ്ട് കണ്ടെത്തേണ്ടതെങ്കിലും അവരെ സഹായിക്കുന്നതിനായി എംഎൽഎ ഫണ്ട്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി, ബഡ്ജറ്റ് വിഹിതം എന്നിവയുൾപ്പെടുത്തി മണ്ഡലത്തിൽ ഇതിനകം മുന്നൂറിലധികം റോഡുകൾക്ക് ഫണ്ട് ലഭ്യമാക്കാൻ സാധിച്ചതായി മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു. നിലവിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ ബ്ലോക്ക് പഞ്ചായത്ത് വഴിയാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കേണ്ടത്. ഇതു വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
വിളയൂർ ഗ്രാമപഞ്ചായത്തിലെ ആലിക്കപള്ളിയാലിൽ ആക്കപറമ്പിൽ, മുക്കില പീടിക പാലോളികുളമ്പ്, കരിങ്ങനാട് ഉദയപുരം,കണ്ടേങ്കാവ്-തോട്ടുമുക്ക് റോഡുകൾ, കൊപ്പം പഞ്ചായത്തിലെ പടിഞ്ഞാക്കര ചക്കുറ്റി ഇ.പി. റോഡ്, മുതുതല പഞ്ചായത്തിലെ പറളി നെടുവട്ടാര, താഴെ പുറം എം.ഇ.എസ് റോഡ്, നില പറമ്പ്, ഇളനായർ ആലിക്ക പറമ്പ് റോഡുകൾ, കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ പുറമത്ര പള്ളിയാലിൽ തൊടി,മേലേതിൽ, റഹ്മത്തങ്ങാടി ഇടുതറ, വണ്ടുംതറ വടക്കേക്കര, പൊതുവാൾ തൊടി റോഡുകൾ എന്നിവയ്ക്കാണ് ഭരണാനുമതി ലഭിച്ചത്.