മുണ്ടൂർ പഴയങ്ങാടി കുപ്പിക്കഴുത്തിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന കാർ.
മുണ്ടൂർ: തൃശൂർ - കുന്നംകുളം റോഡിൽ മുണ്ടൂർ പഴയങ്ങാടി കുപ്പിക്കഴുത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അപകടം നടന്നത്. തൃശൂർ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്കു പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
റോഡിലെ ഗതാഗതക്കുരുക്കിനെ ത്തുടർന്ന് നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയ്ക്ക് പിന്നിൽ ഇന്നോവ കാർ നിർത്തിയതോടെ ഇതിനു പിറകിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇന്നോവയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടുനീങ്ങിയ ഇന്നോവ മുന്നിലുണ്ടായിരുന്ന ഗുഡ്സ് ഓട്ടോയുടെ പിറകിലും ഇടിച്ചു. അപകടത്തിൽ മൂന്ന് വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഏറ്റവും പിന്നിൽ വന്നിടിച്ച കാറിന്റെ മുൻഭാഗം പൂർണമായും ഇന്നോവ കാറിന്റെ മുൻഭാഗത്തെയും പിൻഭാഗത്തെയും ബംബറുകൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.