പമ്പാ തീരത്ത് പോരിനു ചൂടേറും
കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ഭരണ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ സ്ഥാനമുള്ള മണ്ഡലമാണ് കോഴഞ്ചേരി. കോഴഞ്ചേരിയിലെ പോരാട്ടത്തിന്റെ ഫലം ഒരുഘട്ടത്തിൽ ഏതെങ്കിലും ഒരുഭാഗത്തേക്ക് ചാഞ്ഞിരുന്നുവെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ അതിനൊരു മാറ്റം വന്നു. ജില്ലാ പഞ്ചായത്ത് രൂപീകരണകാലഘട്ടത്തിൽ തന്നെ നിലവിൽ വന്ന മണ്ഡലമാണ് കോഴഞ്ചേരി. അതിർത്തികളിൽ ചില മാറ്റങ്ങൾ ഉണ്ടായെന്നു മാത്രം. 1995ലെ ആദ്യ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് -എമ്മിലെ എലിസബേത്ത് റോയിയാണ് മണ്ഡലത്തിൽ വിജയിച്ചത്. 2000ലും 2005ലുംൽ കോൺഗ്രസിലെ കെ.കെ. റോയ്സൺ വിജയിച്ചു. 2004 - 2005ൽ അദ്ദേഹം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി.
2015 ൽ കോഴഞ്ചേരിയെ പ്രതിനിധീകരിച്ച കോൺഗ്രസിലെ ജോർജ് മാമ്മൻ കൊണ്ടൂർ അഞ്ചു വർഷം ഭരണസമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞതവണ ഇതാദ്യമായി എൽഡിഎഫ് വിജയിച്ചപ്പോൾ മണ്ഡലത്തെ പ്രതിനിധീകരിച്ച ജനതാദൾ എസിലെ സാറാ തോമസ് ഒരു വർഷം വൈസ് പ്രസിഡന്റ് സ്ഥാനത്തുമിരുന്നു. ഇക്കുറിയും പോരാട്ടത്തിൽ ഏറെ ശ്രദ്ധേയമാകും. മൂന്ന് മുന്നണികളും കരുത്തരെ രംഗത്തിറക്കി പമ്പാ തീരം കൈയടക്കാനുള്ള ശ്രമത്തിലാണ്.
സ്ഥിതിയും ചരിത്രവും
ഇലന്തൂർ ബ്ലോക്കിലെ കോഴഞ്ചേരി, കോയിപ്രം ബ്ലോക്കിലെ പ്ലാങ്കണൺ, അയിരൂർ, ചരൽക്കുന്ന്, മാരാമൺ, പുല്ലാട്, തട്ടക്കാട് ഡിവിഷനുകൾ ചേർന്നതാണ് പുതിയ കോഴഞ്ചേരി മണ്ഡലം. കഴിഞ്ഞതവണത്തേതിൽ നിന്നും അതിർത്തിയിൽ നേരിയ മാറ്റമുണ്ടായിട്ടുണ്ട്. 2020ൽ ജനതാദൾ എസിലെ സാറാ തോമസ് (എൽഡിഎഫ്) 78 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
വോട്ടുനില - സാറാ തോമസ് - 13560, മോളി ബാബു (കോൺഗ്രസ്) - 13482, ഓമന ദിവാകരൻ (എൻഡിഎ) - 8724.
മത്സരം കനക്കും
മൂന്ന് മുന്നണികളും രാഷ്ട്രീയ, സാമൂഹിക പിൻബലമുള്ളവരെ കളത്തിലിറക്കിയതോടെ ഫലം പ്രവചനാതീതമാകുകയാണ്. യുഡിഎഫിൽ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയാണ് സ്ഥാനാർഥി.
എൽഡിഎഫ് സിറ്റിംഗ് മെംബർ സാറാ തോമസിന്റെ ഭർത്താവ് ജനതാദൾ എസിലെ ചെറിയാൻ സി.ജോണിനെയാണ് മത്സരിപ്പിക്കുന്നത്.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും അയിരൂർ ഗ്രാമപഞ്ചായത്തംഗവുമായ പ്രദീപ് അയിരൂരാണ് എൻഡിഎ സ്ഥാനാർഥി.
1995 മുതൽ 2015 വരെ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു കോഴഞ്ചേരി കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഫിലും എൻഡിഎയിലും കോഴഞ്ചേരി സീറ്റിനെച്ചൊല്ലി രൂക്ഷമായ തർക്കവും നിലനിന്നിരുന്നു. കോഴഞ്ചേരി സീറ്റിൽ അവകാശവാദം ഉന്നയിച്ച ജെറി മാത്യു സാം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റു സ്ഥാനം രാജിവച്ചതിന്റെ അലയടികൾ പൂർണമായി ഒതുങ്ങിയിട്ടില്ല. വോട്ടെടുപ്പിൽ ഇതെങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്ക യുഡിഎഫ് ക്യാമ്പിനുണ്ടെങ്കിലും യുവമുഖമായ അനീഷ് വരിക്കണ്ണാമലയ്ക്ക് ഇതു മറികടക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
എൻഡിഎയ്ക്ക് ശക്തമായ വേരോട്ടമുള്ള കോഴഞ്ചേരി മണ്ഡലം ഇത്തവണ പ്രസ്റ്റീജ് പോരാട്ടമായാണ് അവർ കാണുന്നത്. ഇത് മുന്നണി സ്ഥാനാർഥികളുടെ ജയപരാജയങ്ങളെ ബാധിച്ചേക്കാം. എൻഡിഎയിൽ കഴിഞ്ഞതവണ ബിഡിജെഎസ് മത്സരിച്ചുവന്ന മണ്ഡലം പ്രദീപ് അയിരൂരിനുവേണ്ടി സംസ്ഥാന നേതൃത്വം ഇടപെട്ടാണ് വാങ്ങിയെടുത്തത്.
സ്ഥാനാർഥികൾ ഇവർ
അനീഷ് വരിക്കണ്ണാമല (യുഡിഎഫ്)
കെഎസ്യുവിലൂടെ പൊതുരംഗത്തെത്തിയ പുല്ലാട് സ്വദേശിയായ അനീഷ്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. നിലവിൽ പുല്ലാട് സഹകരണ ബാങ്ക് പ്രസിഡന്റ്, തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ അംഗം, ജില്ലാ ടെലിഫോൺ ഉപദേശകസമിതിയംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
ഗാന്ധിസേവാഗ്രാം ചെയർമാനാണ്. ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ഡയറക്ടറും താലൂക്ക് വികസന സമിതിയംഗവുമായിരുന്നു. മികച്ച സംഘാടകനായ അനീഷ് കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോയിപ്രം മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്നു.
സാമുദായിക സംഘടനകളിലും ജില്ലാ കഥകളി ക്ലബിലും ഭാരവാഹിയായിരുന്നിട്ടുണ്ട്. പുല്ലാട് വരിക്കണ്ണാമല വൈദ്യൻ എൻ. നാരായണപ്പണിക്കരുടെ പിൻതലമുറക്കാരൻ എന്ന നിലയിൽ തിരുവല്ലയിൽ നിന്നുള്ള മാർ ഈവാനിയോസ് അനുസ്മരണ പദയാത്രയ്ക്കു സ്വീകരണം നൽകുന്നതിൽ മുഖ്യസംഘാടകനായും അനീഷ് പ്രവർത്തിച്ചു വരികയാണ്.
ചെറിയാൻ സി. ജോൺ (എൽഡിഎഫ്)
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ചെറിയാൻ സി. ജോൺ കേരള വിദ്യാർഥി ജനത ജില്ലാ സെക്രട്ടറി, യുവജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ്, ജനതാദൾ ജില്ലാ സെക്രട്ടറി, മാർത്തോമ്മാ സഭ റാന്നി - നിലയ്ക്കൽ ഭദ്രാസന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂ വിഷൻ മാസിക അസോസിയേറ്റ് എഡിറ്റർ, എംസിആർഡി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പ്രഭാഷകൻ, മോട്ടിവേറ്റീവ് സ്പീക്കര്, ആനുകാലിക ലേഖന എഴുത്തുകാരന് എന്നീ നിലകളിലും പ്രശസ്തനാണ്. ലണ്ടൻ ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചാർട്ടേഡ് ഇൻഷ്വറർ ബിരുദം ചെയിൻ നേടിയിട്ടുണ്ട്.
പ്രദീപ് അയിരൂർ (എൻഡിഎ)
സംഘടനാ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നു. പൊതുരംഗത്ത് സജീവ സാന്നിധ്യമായ പ്രദീപ് അയിരൂർ ഗ്രാമപഞ്ചായത്ത് 13ാം വാർഡ് അംഗമാണ്.കോഴഞ്ചേരി സെന്റ് തോമസ് കോളജ് എബിവിപി യൂനിറ്റ് പ്രസിഡന്റായിട്ടാണ് പൊതുരംഗത്തേക്ക് എത്തുന്നത്.
എബിവിപി കോഴഞ്ചേരി നഗർ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, ആർഎസ്എസ് അയിരൂർ മണ്ഡൽ കാര്യവാഹ്, ബിജെപി അയിരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, മീഡിയ സെൽ കൺവീനർ, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Tags : Kozhencherry Local News Nattuvishesham Pathanamthitta