ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസില്‍ ളായിക്കാട് മുതല്‍ പാലാത്രച്ചിറ വരെയുള്ള വഴിവിളക്കുകൾ തെളിക്കാന്‍ സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിക്കണമെന്ന അജണ്ടയെ പ്രതിപക്ഷം എതിർത്തു. തുടർന്ന് വഴിവിളക്കുകള്‍ സ്ഥാപിക്കുന്ന ചുമതല ടെൻഡര്‍ നടപടികളിലൂടെ കരാറുകാരെ ഏല്‍പ്പിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.
സ്വന്തം ചെലവില്‍ വഴിവിളക്കു സ്ഥാപിക്കാമെന്നും ബള്‍ബ് മാറുന്നതടക്കമുള്ള അറ്റകുറ്റപ്പണികള്‍ ചെയ്യാമെന്നും വൈദ്യുതി പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് ഇതിനുള്ള വരുമാനം കണ്ടെത്തിക്കൊള്ളാമെന്നും അതിനുള്ള അനുമതി നല്‍കണമെന്നും കാണിച്ച് സ്വകാര്യവ്യക്തി നല്കിയ കത്ത് സംബന്ധിച്ച അജണ്ടയാണ് പ്രതിപക്ഷം എതിർത്തത്. വൈദ്യുതി ചാര്‍ജ് നഗരസഭ അടയ്ക്കണമെന്നും കത്തില്‍ പറയുന്നു. ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് കത്ത് വായിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ജോമി ജോസഫ് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയുമായിരുന്നു. ഇതോടെയാണ് ടെന്‍ഡര്‍ നല്കാന് തീരുമാനിച്ചത്.
മാര്‍ക്കറ്റിനു സമീപമുള്ള അറുപതില്‍ ഗ്രൗണ്ട് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനായി ചങ്ങനാശേരി മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷന് പ്രതിമാസം 48,576 രൂപയ്ക്ക് കരാര്‍ നല്‍കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടെന്‍ഡറിലൂടെ മാത്രമേ സ്ഥലം വാടകയ്ക്കു നല്‍കാവൂവെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അജണ്ട പാസാക്കുകയാണെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
ഈ സ്ഥലത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് ചങ്ങനാശേരി ജോയിന്റ് ആര്‍ടിഒയുടെ കത്തിന്മേല് 2025 ഫെബ്രുവരി 20ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം ഗ്രൗണ്ട് വാടകയ്ക്കു നല്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍, എഗ്രിമെന്റില്‍ ഒപ്പുവയ്ക്കാതെ ചങ്ങനാശേരി മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷനുമായി എഗ്രിമെന്റ് വയ്ക്കണമെന്ന് ജോയിന്റ് ആര്‍ടിഒ കത്തുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷനു കരാര്‍ നല്‍കിയത്.