കൊല്ലം: ദേശീയപാത പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കായി കല്ലുംതാഴം - അയത്തില്‍ ബൈപാസ് റോഡിൽ 21 മുതല്‍ മാര്‍ച്ച് 31 വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ബദല്‍ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് കളക്ടറേറ്റിൽ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. നാളെ മുതല്‍ 28 വരെ രാത്രി 9നു ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
30 ട്രാഫിക് വാര്ഡന്മാരെ നിയോഗിക്കും. വഴിതിരിച്ചു വിടാനുള്ള സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. പരീക്ഷ കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം അധിക സൗകര്യം ഒരുക്കും. പുളിയത്ത്മുക്ക് - കല്ലുംതാഴം റോഡ് നവീകരണം 28ന് മുമ്പ് പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കും. റെയില്‍ ലെവല്‍ ക്രോസ് സാഹചര്യത്തിനനുസൃതമായി അധികസമയം തുറന്ന് നല്‍കുന്നതിനും നിര്‍ദേശം നല്കി.
കല്ലുംതാഴം, അയത്തില്‍ ജംഗ്ഷനുകളിലെ അടിപ്പാതയില്‍ ഇരുവശത്തേക്കും സഞ്ചാരം ഉറപ്പാക്കും. പാല്‍ക്കുളങ്ങര - എന്‍ എച്ച് അപ്രോച്ച് റോഡും ഗതാഗത യോഗ്യമാക്കും. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഹെവി/ മള്‍ട്ടിപ്പിള്‍ ആക്സല്‍ വാഹനങ്ങള്‍ ചവറ കെഎംഎംഎല്‍ ഭാഗത്ത്നിന്ന് ശാസ്താംകോട്ട- ഭരണിക്കാവ് - കണ്ണനല്ലൂര്‍ വഴി കടത്തിവിടാനും തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊട്ടിയത്ത് നിന്ന് തിരിഞ്ഞ് കണ്ണനല്ലൂര്‍ - ഭരണിക്കാവ് - ശാസ്താംകോട്ട - ചവറ കെഎംഎംഎല്‍ വഴി എന്‍.എച്ചിലേക്ക് പ്രവേശിപ്പിക്കാനും തീരുമാനിച്ചു.
നാളെ ട്രയല്‍ റണ്‍ നടത്തും. എഡിഎം ജി നിര്‍മല്‍കുമാര്‍, പോലീസ്, ആര്‍ടിഒ, പിഡബ്ല്യുഡി, വിദ്യാഭ്യാസ വകുപ്പുകള്‍, എന്‍എച്ച്എഐ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kollam