പൂക്കോട്ടുംപാടം: അമരന്പലം പഞ്ചായത്തിലെ ടി.കെ. കോളനിയിലും പരിസരപ്രദേശങ്ങളും മാസങ്ങളായി ഭീതിയിലാഴ്ത്തിയിരുന്ന കരടിയെ വനംവകുപ്പ് തൃശൂർ ജില്ലയിലെ പുത്തൂരിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. അമരന്പലം ആർആർടി ക്യാന്പിൽനിന്നു ഞായറാഴ്ച വൈകിട്ട് 3.30ഓടെയാണ് കരടിയെ മാറ്റിയത്. ക്യാന്പിൽ രണ്ട് ദിവസമായി വെറ്ററിനറി സർജന്റെ നിരീക്ഷണത്തിലായിരുന്നു കരടി.
ടി.കെ. കോളനി ധർമശാസ്ത അയ്യപ്പക്ഷേത്രത്തിൽ സ്ഥാപിച്ച കെണിയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിയോടെയാണ് കരടി അകപ്പെട്ടത്. തുടർന്ന് വനംവകുപ്പ് കരടിയെ കൂടു സഹിതം ആർആർടി ക്യാന്പിലേക്ക് മാറ്റുകയായിരുന്നു. ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരുന്ന നെയ്യ്, എണ്ണ, ശർക്കര തുടങ്ങിയ പൂജാദ്രവ്യങ്ങൾ ഭക്ഷിക്കുകയും കൃഷിയിടങ്ങളിലെ തേൻപെട്ടികൾ തകർത്തും കരടി വ്യാപക നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തെത്തുടർന്ന് വനംവകുപ്പ് പ്രദേശത്ത് കെണികളും നിരീക്ഷണ കാമറകളും സ്ഥാപിച്ചിരുന്നു.
കരടി പിടിയിലായതിന് പിന്നാലെ, കരടിയെ വനപ്രദേശങ്ങളിലേക്ക് വീണ്ടും വിടാതെ മൃഗശാലയിലേക്കോ വന്യജീവി രക്ഷാകേന്ദ്രത്തിലേക്കോ മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്നാണ് നടപടി. കഴിഞ്ഞ വർഷം പിടികൂടിയ കരടി വീണ്ടും ജനവാസ മേഖലകളിലേക്ക് തിരിച്ചെത്തിയ അനുഭവം പരിഗണിച്ചാണ് ഈ ആവശ്യം ശക്തമായത്
Tags : nattru vishesham Trapped bea