വിഴിഞ്ഞം: കോവളത്തിനു സമീപം രാത്രി കരയോട് ചേർന്നു കരവലി നടത്തിയ ട്രോളർ ബോട്ട് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പൊന്നു എന്ന ബോട്ടാണ് പിടിയിലായത്. വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നിർദേശത്തെ തുടർന്നു ബോട്ട് പിടിച്ചെടുത്ത് തുടർനടപടികൾക്കായി വിഴിഞ്ഞം വാർഫിൽ സൂക്ഷിച്ചിരിക്കുകയാണ്.
ധീര റെസ്ക്യൂ വള്ളത്തിൽ ലൈഫ് ഗാർഡുമാരായ പനിയടിമ, ഷാജഹാൻ, ജോർജ്, ഹസൻ കണ്ണ്, ഇമാമുദ്ദീൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് ബോട്ട് കസ്റ്റഡിയിൽ എടുക്കുന്നതിനു സഹായം നൽകിയത്. നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.