മംഗലംഡാം ഉദ്യാന കവാടത്തിനോടുചേർന്ന് 35 പ്രദേശത്തേക്കുള്ള വഴിയിലെ പ്ലാവുമുറിച്ച് തടി മാറ്റിയിട്ട നിലയിൽ.
മംഗലംഡാം: ഇറിഗേഷൻ വകുപ്പ് ലേലത്തിനുവച്ചിരുന്ന പ്ലാവുമരം ചില പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. മംഗലംഡാം ഉദ്യാന കവാടത്തിനോടുചേർന്ന് 35 എന്ന പ്രദേശത്തേക്കുള്ള റോഡിലെ വലിയ പ്ലാവാണ് ഇന്നലെ അതിരാവിലെ മുറിച്ചുമാറ്റിയത്.
വിവരമറിഞ്ഞ് സമീപത്തുതന്നെയുള്ള സ്റ്റേഷനിലെ പോലീസുകാർ എത്തിയെങ്കിലും അപ്പോഴേക്കും മരംമുറിച്ച് തടി മാറ്റിയിട്ടിരുന്നു. രണ്ടുദിവസംമുമ്പും ഈ മരം മുറിക്കാൻ എത്തിയിരുന്നെങ്കിലും പോലീസ് തടഞ്ഞ് അവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഏറെ കാലങ്ങളായി വഴിയിൽ നിൽക്കുന്ന മരം ധൃതിപിടിച്ചു മുറിച്ചു മാറ്റാൻ മറ്റൊരു കാരണം കൂടിയുണ്ടെന്നാണു ജനസംസാരം.
മരംമുറിയിലും രാഷ്ട്രീയം തന്നെയാണ് പ്രശ്നം. ഉദ്യാന കവാടത്തിനടുത്തു തന്നെ 35 ലേക്കുള്ള വഴിയോടുചേർന്ന് പുതിയ ഗേറ്റ് നിർമിക്കാൻ ഇറിഗേഷൻ വകുപ്പ് കഴിഞ്ഞദിവസം പ്രവൃത്തി തുടങ്ങിയിരുന്നു.
തൂണുകൾക്കായി കുഴിയെടുക്കുകയുണ്ടായി. എന്നാൽ 35 പ്രദേശത്തേക്ക് വാഹനംപോകാവുന്ന വഴിയൊരുക്കിയിട്ടുമതി ഗേറ്റ് നിർമാണമെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ സംഘടിച്ച് പണി തടഞ്ഞു.
വാർഡ് മെംബർ ഡിനോയ് കോമ്പാറയുടെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്. ഇതിന്റെ ക്രെഡിറ്റ് മുഴുവൻ മെംബർക്കു മാത്രമായി മാറുമോ എന്ന ചിന്തയാണ് ധൃതിപിടിച്ച് മരം മുറിച്ചു മാറ്റിയതിനു പിന്നിലെന്നാണ് പറയുന്നത്.
പ്ലാവ് മുറിച്ചു മാറ്റാൻ ഈ മാസം 27ന് ലേലം വച്ചിരുന്നതാണ്. അതിനിടെയാണ് പുതിയ സംഭവമുണ്ടായിട്ടുള്ളത്.
മരം മുറിച്ചതു സംബന്ധിച്ച് വീണ്ടും പോലീസിൽ പരാതി നൽകുമെന്നു ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.
നേരത്തെ മരംമുറിക്കാൻ നീക്കമുണ്ടായപ്പോഴും പോലീസിൽ പരാതി നൽകിയിരുന്നതാണെന്നും അധികൃതർ അറിയിച്ചു.
Tags : Tree felled nattuvishesham local news