കുമരകം: കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടും നാളിതുവരെ മുറിച്ചു മാറ്റാത്ത കുമരകം പള്ളിച്ചിറയിലെ റോഡരികിൽ നിൽക്കുന്ന തണൽ മരങ്ങൾ യാത്രക്കാർക്കു ഭീഷണി ഉയർത്തുന്നതായി ആക്ഷേപം.
പൊതുമരാമത്ത് വകുപ്പിനു ഫണ്ടില്ലെന്നാണ് മരം മുറിച്ചുമാറ്റാത്തതിനു നൽകുന്ന വിശദീകരണം. വലിയ വാഹനങ്ങളിടിച്ച് ഒരു മരത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
ഒരു മരം ചെരിയും തോറും അയൽവാസിയുടെ കെട്ടിടത്തിനു ബലക്ഷയം സംഭവിക്കുന്നുണ്ട്. കോണത്താറ്റ് പാലം തുറന്നുകൊടുത്തതോടെ വലിയ കണ്ടെയ്നർ ലോറികൾ വീതികുറഞ്ഞ റോഡിലൂടെ ഇടവിടാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അപകടസാധ്യത വർധിപ്പിച്ചിരിക്കുകയാണെന്ന് മരം മുറിച്ചു മാറ്റാൻ കളക്ടർക്ക് പരാതി നൽകിയ അനൂപ് കൊച്ചുപറമ്പിൽ പറഞ്ഞു.
വർഷങ്ങളായി കുമരകം റോഡിനും യാത്രക്കാർക്കും തണലായിരുന്ന മരങ്ങൾ ബലഹീനമായതിനാൽ അപകട സാധ്യത മുന്നിൽകണ്ട് മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട വകുപ്പോ പഞ്ചായത്തോ തയാറാകണമെന്നാണ് ഉയരുന്ന ആവശ്യം.
Tags : Local News Nattuvishesham Kottayam