ഇരവിപുരം: എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രന് ഇരവിപുരം സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കത്തിൽ യുഡിഎഫിന് അസംതൃപ്തി. യൂത്ത് കോൺഗ്രസ് ഉൾപ്പെടെ പ്രമേയത്തിലൂടെ കാർത്തിക്കിനു പിന്തുണ നൽകുന്പോൾ ആർഎസ്പിയിലെ ഒരുവിഭാഗം ഇടഞ്ഞുനിൽക്കുകയാണ്. ഇരവിപുരം സീറ്റിലേക്കു അഞ്ചുപേരുടെ പേരാണ് നിർദേശിച്ചിരിക്കുന്നത്.ഇതിൽ കാർത്തിക് പ്രേമചന്ദ്രന്റെ പേരുണ്ട്.
യൂത്ത് കോൺഗ്രസും ഇരവിപുരം നിയമസഭാ സീറ്റിനെ ചൊല്ലിയുള്ള ആർഎസ്പിയുടെ തർക്കം അവസാനിപ്പിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. യുവസ്ഥാനാർഥിയെ പരിഗണിക്കുകയാണെങ്കിൽ കാർത്തിക് പ്രേമചന്ദ്രനെ തന്നെ സ്ഥാനാർഥിയാക്കണമെന്നും ഏറ്റവുമധികം വിജയസാധ്യത കാർത്തിക്കിനാണെന്നും പ്രമേയത്തിൽ പരാമർശമുണ്ടായിരുന്നു. ഇതെല്ലാം നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. അതേ സമയം കാർത്തിക് മാത്രമല്ല, മണ്ഡലം സെക്രട്ടറി നൗഷാദ് ഉൾപ്പെടെയുള്ളവർക്കും പാർട്ടിയിൽ പിന്തുണയുണ്ട്.
ഇരവിപുരം മണ്ഡലത്തിൽ കാർത്തിക് ആർഎസ്പി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹംതള്ളി പാർട്ടിയിലെ മുതിർന്ന നേതാവ് എ.എ. അസീസ്. ആർക്കും സ്വന്തംനിലയ്ക്ക് തീരുമാനം എടുക്കാനാവില്ല. ആർവൈഎഫിൽനിന്നുള്ള യുവജനനേതാവ് മണ്ഡലത്തിൽ സ്ഥാനാർഥിയാകും.
താൻ മത്സരരംഗത്തുണ്ടാവില്ലെന്നും അസീസ് പറഞ്ഞു. നിലവിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതല അസീസിനാണ്. പേര് പരിഗണിക്കപ്പെടുന്നുണ്ടെന്നു കാർത്തിക് പറഞ്ഞതായി ചൂണ്ടിക്കാണിച്ചപ്പോൾ ആ പയ്യനല്ലല്ലോ തീരുമാനിക്കുന്നത് എന്നായിരുന്നു അസീസിന്റെ പ്രതികരണം. ""ഒന്നിലധികം ആളുകളുടെ പേര് വരും. അതൊരു പാനലാകും. അത് ജില്ലാകമ്മിറ്റിക്ക് മുന്നിൽവെക്കും. ജില്ലാ കമ്മിറ്റിയിൽനിന്നും വേറെ പേരുകൾ നിർദേശിക്കപ്പെട്ടാൽ അത് ഉൾക്കൊള്ളിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റിയിലേക്ക് പോകും.
അല്ലാതെ ഒരാളെ ഉടനെ തീരുമാനിക്കുകയല്ല ചെയ്യുന്നത്''-അസീസ് പറഞ്ഞ.
ആർഎസ്പിയിലെ സീറ്റ് തർക്കത്തിൽ കോൺഗ്രസിൽ അതൃപ്തിയുണ്ട്. കാർത്തിക് പ്രേമചന്ദ്രനെതിരെ ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് നടത്തിയ പ്രസ്താവന മര്യാദയില്ലാത്തതാണെന്നാണ് നേതാക്കളുടെ ഭാഷ്യം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും മയ്യനാട് പഞ്ചായത്ത് പ്രസിഡന്റുമായ മുഹമ്മദ് റാഫി ഉൾപ്പെടെ നേതാക്കൾ പറയുന്നത് ഇരവിപുരത്ത് ജയസാധ്യതയുള്ള സ്ഥാനാർഥി കാർത്തിക് പ്രേമചന്ദ്രനാണെന്നാണ്. ഇരവിപുരം മണ്ഡലത്തിലെ വിജയസാധ്യതെ അസീസ് ഇല്ലാതാക്കുകയാണെന്നും മുഹമ്മദ് റാഫി പറഞ്ഞു. ആർഎസ്പിയിൽ വിഭാഗീയത ഉണ്ടെങ്കിൽ സീറ്റ് വിട്ടുനൽകണം എന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
എ.എ. അസീസ് കാർത്തിക് പ്രേമചന്ദ്രനെ സംബന്ധിച്ച് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത് ഇന്നാണ്. അതിന് മുൻപ് തന്നെ കാർത്തിക് പ്രേമചന്ദ്രനല്ല സ്ഥാനാർഥി എന്ന രീതിയിൽ അസീസ് നടത്തിയ പ്രസ്താവനകൾ മര്യാദാലംഘനമാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
Tags : UDF embroiled RSP seat dispute