കിനാനൂർ-കരിന്തളം പഞ്ചായത്ത്
കാലങ്ങളായി ജില്ലയിലെ ചുവപ്പുകോട്ടകളിലൊന്നാണ് കിനാനൂർ-കരിന്തളം പഞ്ചായത്ത്. കർഷകസമരഭൂമിയായ കയ്യൂരിന്റെ മറുകര. ഇവിടവും ഒട്ടനവധി സമരപരമ്പരകൾക്ക് വേദിയായതാണ്.
ഒരുകാലത്ത് എൽഡിഎഫിന് പ്രതിപക്ഷമില്ലാത്ത പഞ്ചായത്തായിരുന്നു കിനാനൂർ-കരിന്തളം. പക്ഷേ തുടർഭരണങ്ങൾക്കിടയിലുണ്ടായ നയപരമായ പിഴവുകളും അസ്വാരസ്യങ്ങളും കോൺഗ്രസിലെ ഊർജസ്വലമായ ഒരു പുതുതലമുറയുടെ കടന്നുവരവും സ്ഥിതി മാറ്റി.
ഇതുവരെ പഞ്ചായത്തിൽ ഭരണം പിടിക്കാനായിട്ടില്ലെങ്കിലും ഒട്ടേറെ വാർഡുകൾ പിടിച്ച് എൽഡിഎഫിനോട് ഒപ്പത്തിനൊപ്പം നിൽക്കാവുന്ന പ്രതിപക്ഷമായി വളരാൻ യുഡിഎഫിന് കഴിഞ്ഞു. കഴിഞ്ഞതവണ മാത്രമാണ് ആ മുന്നേറ്റത്തിന് ചെറിയൊരു തിരിച്ചടിയുണ്ടായത്. ഇത്തവണ വീണ്ടും പഴയപോലെ ഒരു വീറുറ്റ പോരാട്ടം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിലും വാർഡ് വിഭജനം അതിന് വിലങ്ങുതടിയാകുമെന്ന ആശങ്കയിലാണ് യുഡിഎഫ് പ്രവർത്തകർ.
നേട്ടങ്ങൾ
ടി.കെ. രവിപ്രസിഡന്റ് (സിപിഎം)
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നാലര കോടി രൂപ ചെലവിൽ നിർമിക്കുന്ന കുമ്പളപ്പള്ളി പാലം പ്രവൃത്തി അവസാനഘട്ടത്തിൽ.
കരിന്തളം ഗവ. കോളജിന് സ്വന്തമായി കെട്ടിടം പണിയാൻ സ്ഥലം ഏറ്റെടുത്തു. 27 കോടി രൂപ ചെലവിൽ കെട്ടിടം നിർമിക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. കിഫ്ബി പദ്ധതിയിൽ ചായ്യോത്ത്, പരപ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പുതിയ കെട്ടിടം. കിണാവൂർ സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് പുതിയ കെട്ടിടം. കോയിത്തട്ടയിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിനും കെട്ടിടമൊരുങ്ങുന്നു.
പരപ്പയിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക ഹോസ്റ്റലുകൾ അനുവദിച്ചു.
മലയോരമേഖലയിലെ ഉദ്യോഗസ്ഥക്ഷാമം പരിഹരിക്കാനുതകുന്ന തരത്തിൽ പുലിയംകുളത്ത് എൻജിഒ ക്വാർട്ടേഴ്സിന്റെ നിർമാണം പുരോഗമിക്കുന്നു.
രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുന്നതിനുവേണ്ടി ജില്ലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന പഞ്ചായത്ത്.
കോട്ടങ്ങൾ
മനോജ് തോമസ്പഞ്ചായത്ത് അംഗം(കോൺഗ്രസ്)
പരപ്പയിൽ കാലങ്ങളായുള്ള ആവശ്യമായ ബസ്സ്റ്റാൻഡിന് സൗജന്യമായി സ്ഥലം വിട്ടുകിട്ടിയിട്ടും നിർമിക്കാനായില്ല.
ഭൂവിസ്തൃതി ഏറെയുള്ള പഞ്ചായത്തിൽ സ്വന്തമായി ഒരു കളിസ്ഥലം പോലും ഇതുവരെ നിർമിക്കാനായില്ല.
പഞ്ചായത്തിലെ റോഡുകൾ പലതും ശോചനീയമായ അവസ്ഥയിൽ.
പലതരത്തിലുള്ള വന്യജീവി ആക്രമണങ്ങൾ മൂലം കർഷകർ ഏറെ ബുദ്ധിമുട്ടുമ്പോഴും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.
ഏറെ കൊട്ടിഘോഷിച്ച ജലജീവൻ പദ്ധതിയുടെ പേരിൽ പൈപ്പുകൾ കുഴിച്ചിട്ടതല്ലാതെ ഒരു സ്ഥലത്തും ജലവിതരണം തുടങ്ങിയിട്ടില്ല.
പഞ്ചായത്തിലെ ഒരു കുടുംബാരോഗ്യ കേന്ദ്രത്തിലും കിടത്തി ചികിത്സയ്ക്ക് സൗകര്യമില്ല.
സിപിഎമ്മിനു വേണ്ടി മാത്രം തികച്ചും അശാസ്ത്രീയമായ രീതിയിൽ വാർഡ് വിഭജനം നടത്തി.
ഒറ്റനോട്ടത്തിൽ
കാലങ്ങളായുള്ള എൽഡിഎഫിന്റെ തുടർഭരണം പഞ്ചായത്തിൽ വികസന മുരടിപ്പ് സൃഷ്ടിച്ചതായ പ്രതീതിയും സിപിഎമ്മിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളും യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്. അതേസമയം യുഡിഎഫിന് ഏതാനും സീറ്റുകൾ കൂടുതലായി നേടാനായാലും അത് ഭരണമാറ്റത്തോളം എത്തില്ലെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ.
Tags : nattuvisheasham local