കെ.ടി. വിൻസന്റ്'
ചാവക്കാട്: കടലാമ സംരക്ഷണകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ ചാവക്കാട് തീരമേഖയിലെ കടലാമസംരക്ഷണപ്രവർത്തകർക്കു പ്രതീക്ഷ. കേരളത്തിൽ ഏറ്റവും കൂടുതൽ കടലാമകളെത്തുന്ന തീരമാണു ചാവക്കാട്. ചേറ്റുവ മുതൽ ജില്ലാതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള തീരത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാനെത്തുന്നത്.
വനംവകുപ്പിന്റെ മേൽനോട്ടത്തിൽ മേഖലയിൽ ഒട്ടേറെ കടലാമസംരക്ഷണസമിതികൾ പ്രവർത്തിക്കുന്നുണ്ട്. കടൽ പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായാണു മന്ത്രി ബജറ്റിൽ കടലാമ സംരക്ഷണകേന്ദ്ര പ്രഖ്യാപനം നടത്തിയത്. ചാവക്കാട് തീരത്തെ എല്ലാ സംരക്ഷണസമിതികൾക്കുംകൂടി ഏതാണ്ട് 200 കടലാമക്കൂടുകളാണ് കഴിഞ്ഞ സീസണിൽ ലഭിച്ചത്.
ഒരു മാസംമുന്‍പാണ് ഈ സീസണിൽ ആദ്യ കടലാമ ചാവക്കാട് തീരത്തു മുട്ടയിടാനെത്തിയത്. ഏപ്രിൽ വരെ കടലാമകൾ മുട്ടയിടാനെത്തും. കടലാമസംരക്ഷണത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞത് ശാസ്ത്രീയരീതിയിൽ മുട്ടകൾ സംരക്ഷിക്കാൻ കഴിയുന്ന ഹാച്ചറികളുടെ അഭാവമാണെന്ന് പുത്തൻകടപ്പുറം സൂര്യ കടലാമ സംരക്ഷണസമിതി പ്രസിഡന്റ് പി.എ. സെയ്തുമുഹമ്മദ് പറഞ്ഞു.
മുട്ടകൾ വിരിഞ്ഞിറങ്ങാൻ 40 ദിവസത്തിലേറെ വേണം. അതുവരെ ഈ മുട്ടകൾ സുരക്ഷിതമായി മണലിൽ കുഴിച്ചിട്ടു സൂക്ഷിക്കണം. കടലാമസംരക്ഷണസമിതികൾ വനംവകുപ്പിന്റെയും പരിസ്ഥിതിസ്നേഹികളുടെയും സഹായത്തോടെ ഹാച്ചറികൾ നിർമിച്ച് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നതുവരെ മുട്ടകൾ സംരക്ഷിക്കുന്നുണ്ടെങ്കിലും ഇതിനു പരിമിതികളുണ്ടെന്ന് സെയ്തുമുഹമ്മദ് പറയുന്നു. കുറുക്കൻ, തെരുവുനായകൾ തുടങ്ങിയവയും വേലിയേറ്റം, മഴ എന്നിവയും കടലാമ മുട്ടകൾക്കു ഭീഷണിയാണെന്ന് കടലാമസംരക്ഷണ സമിതിക്കാർ പറയുന്നു.
Tags : Union Budget nattuvishesham local news