നവീകരണത്തിന്റെ ഭാഗമായി ഉണ്ണായിവാര്യര്‍ കലാനിലയം തയാറാക്കിയ ഓഡിറ്റോറിയത്തിന്റെ ബ്ലൂ പ്രിന്റ്.
ഇരിങ്ങാലക്കുട: സംഗമപുരിയുടെ തിലകക്കുറിയായ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പുനര്‍നിര്‍മിക്കുന്നതിന് വകയിരുത്തിയ തുകയുടെ ആദ്യ ഗഡു സര്‍ക്കാരില്‍നിന്ന് അനുവദിച്ചു.
60 വര്‍ഷത്തിലേറെ പഴക്കമുള്ള കലാനിലയം ഓഡിറ്റോറിയം പുനര്‍നിര്‍മിക്കുന്നതിന് 3,07,67, 000 രൂപ ചെലവുവരുന്ന പദ്ധതിയാണ് ഭരണസമിതി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പദ്ധതിയിലേക്കായി സര്‍ക്കാരില്‍നിന്ന് ഇപ്പോള്‍ അനുവദിച്ച് കിട്ടിയിരിക്കുന്നത് 25 ലക്ഷം രൂപയാണ്. ഈ തുകതന്നെ നിരന്തര സമ്മര്‍ദങ്ങള്‍ ചെലുത്തിയശേഷമാണ് അനുവദിച്ചുകിട്ടിയതെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.
സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 31 ന് മുന്‍പ് ടെന്‍ഡര്‍ നല്കാന് സാധിച്ചില്ലെങ്കില്‍ അനുവദിച്ച തുക ലാപ്സ് ആകുന്ന സാഹചര്യം ഉണ്ടാകാനിടയുണ്ട്. ഇനിയും ഒട്ടേറെ അനുകൂല തീരുമാനങ്ങള്‍ സര്‍ക്കാരില്‍നിന്ന് ഭരണസമിതി പ്രതീക്ഷിക്കുന്നുണ്ട്.
ജീവനക്കാരുടെ 11 മാസത്തെ ശമ്പള കുടിശിക കൊടുത്തു തീര്‍ക്കാനുള്ള അധിക ഗ്രാൻഡ് തുക അനുവദിക്കണമെന്നും കലാനിലയം ജീവനക്കാരെ പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥി സ്റ്റൈപ്പൻഡ്്, ജീവനക്കാരുടെ ശമ്പളം, മറ്റ് അലവന്‍സുകള്‍, കലാനിലയ ത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ തുക ഗ്രാന്‍ഡില്‍ ഉള്‍പ്പെടുത്തണം. കലാനിലയത്തില്‍ ഇതുവരെയും ഒമ്പതാം ശമ്പള പരിഷ്കരണ പ്രകാരമുള്ള ശമ്പളമാണു നല്കി വരുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്ക്കി പ്പോള്‍ ലഭിക്കുന്ന 12 ാം ശമ്പളപരിഷ്കരണം അനുസരിച്ചുള്ള ശമ്പളത്തിന് കലാനിലയ ത്തിലെ ജീവനക്കാരും അര്‍ഹരാണ്. സാമ്പത്തികമായി ഏറെ പ്രശ്നങ്ങള്‍ നേരിടുമ്പോഴും കൂടല്‍മാണിക്യം ക്ഷേത്രവുമായി എല്ലാ കാര്യങ്ങളിലും സഹകരിക്കുന്ന ഉണ്ണായിവാര്യര്‍ കലാനിലയത്തെ തീര്‍ത്തും അവഗണിക്കുന്ന നടപടിയാണ് കുറച്ചുകാലമായി ദേവസ്വം സ്വീകരിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
10 ദിവസം നീളുന്ന കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും കഥകളി അവതരിപ്പിച്ചിരുന്നത് കലാനിലയത്തിലെ കലാകാരന്മാരാണ്.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉത്സവത്തിനു കലാനിലയത്തിന്റെ കഥകളി പരിഗണിക്കുന്ന കാര്യത്തില്‍ കൂടല്‍മാണിക്യം ദേവസ്വം തികഞ്ഞ അവഗണന യാണു കാണിക്കുന്നതെന്നു കലാനിലയം പ്രസിഡന്റ് ശ്രീകുമാര്‍, സെക്രട്ടറി അഡ്വ. സതീഷ് വിമലന്, ജോയിന്റ് സെക്രട്ടറി തങ്കപ്പന് പാറയില്‍ എന്നിവര്‍ പറഞ്ഞു.