മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ജില്ലയിലെ തിരുനെല്ലി, നൂൽപ്പുഴ എന്നീ പഞ്ചായത്തുകളിലെ കുടിവെള്ളമില്ലാത്ത ആദിവാസി ഭവനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയായ ഉന്നതി ജൽസുരക്ഷാ പദ്ധതിയുടെ തിരുനെല്ലി പഞ്ചായത്തുതല ഉദ്ഘാടനം കോട്ടിയൂർ ഉന്നതിയിൽ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു.
തിരുനെല്ലി പഞ്ചായത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിലൂടെ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. തിരുനെല്ലി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ മുഴുവൻ ഉന്നതികളിലും കുടിവെള്ളം എത്തിക്കുമെന്നും ഉന്നതി ജൽ സുരക്ഷ പദ്ധതിയുടെ തുക ഇതിന് മതിയാകുന്നില്ലെങ്കിൽ സർക്കാരിന്റെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ, തുണ്ടുകാപ്പ്, നാഗമന, ദംപെട്ട, കുന്നിയൂർ, കുന്നിക്കോട്, അഞ്ചുപതി, പാർസി, മദ്യപ്പാടി, എടയൂർക്കുന്ന് എന്നീ ഉന്നതികളിലുമാണ് കുടിവെള്ള വിതരണ പദ്ധതികൾ നടപ്പാക്കുക. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ മുഖ്യപ്രഭാഷണം നടത്തി.
പ്രോഗ്രാം ഓഫീസർ പി.എ. ജോസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം കെ.ആർ. ജിതിൻ, തിരുനെല്ലി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എ.കെ. ജയഭാരതി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സിജിത്, ഭാരതീയ സുഗന്ധവിള ഗവേക്ഷണകേന്ദ്രം സീനിയർ സയന്റിസ്റ്റ് വി.കെ. സജീഷ്, പഞ്ചായത്ത് അംഗം എം. കാർത്തിക, ഊര് മൂപ്പൻ പുട്ടൻ, ബ്രഹ്മഗിരി നീർത്തട വികസന പദ്ധതി സെക്രട്ടറി ജയകൃഷ്ണൻ, ടീം ലീഡർ ദീപു ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഭാരതീയ സുഗന്ധവിള ഗവേക്ഷണകേന്ദ്രത്തിന്റെ ട്രൈബൽ സബ് പ്ലാനിൽ ഉൾപ്പെടുത്തി കോട്ടിയൂർ, തുണ്ടുകാപ്പ്, നാഗമന, ദംപെട്ട ഉന്നതികളിലെ കുടുംബങ്ങൾക്ക് അത്യുത്പാദന ശേഷിയുള്ള കുരുമുളക് വള്ളികൾ, മഞ്ഞൾ വിത്ത്, പച്ചക്കറി വിത്തുകൾ എന്നിവയും ഇവയ്ക്കാവശ്യമായ സൂക്ഷ്മവളങ്ങൾ, ട്രൈക്കോഡർമ എന്നിവയും വിതരണം ചെയ്തു.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ട്രൈബൽ ഉദ്യോഗസ്ഥർ, ആശവർക്കർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രവർത്തകർ, വിവിധ കോളജുകളിൽ നിന്നുള്ള എംഎസ്ഡബ്ല്യു വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോജക്ട് കോഓർഡിനേറ്റർ റോബിൻ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ചിഞ്ചു മരിയ, പദ്ധതി സീനിയർ എൻജിനിയർ തോമസ് സെബാസ്റ്റ്യൻ, നൂൽപ്പുഴ പ്രോജക്ട് ഹെഡ് കെ.സി. ബിജു, ജൂണിയർ എൻജിനിയർ നീരജ സുരേന്ദ്രൻ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ മാരായ, അഷ്ജിൻ സണ്ണി, ഒ.പി. ജയന എന്നിവർ നേതൃത്വം നൽകി.