പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗയാത്ര ജില്ലയില്‍ പര്യടനം തുടങ്ങി.
സംസ്ഥാന സര്‍ക്കാറിന്റെ ഒരോ വീഴ്ചകളും അഴിമതികളും വികസനമുരിടിപ്പും ചൂണ്ടിക്കാട്ടിയാണ് വി.ഡി. സതീശന്റെ യാത്ര ജില്ലയില്‍ പുരോഗിക്കുന്നത്. മലപ്പുറത്തെ പര്യടനത്തിനുശേഷം ജില്ലാ അതിര്‍ത്തിയായ നീലിയാട്ടിൽ യാത്രയെ പാലക്കാട്ടേക്കു സ്വീകരിച്ചു.
വാദ്യാഘോഷങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ ആദ്യ സ്വീകരണകേന്ദ്രമായ കുറ്റനാടെത്തി. തുടര്‍ന്ന് മേലെ പട്ടാമ്പിയിലും സ്വീകരണം നല്കി. ആറുലക്ഷം കോടിയുടെ കടബാധ്യതയുണ്ടാക്കി മുന്‍പെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നു വി.ഡി. സതീശന് പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകള്‍ ഇത്തവണ യുഡി എഫിനു വോട്ടുചെയ്യും. ഒരു പാര്‍ട്ടിയെപ്പോലെ കേരളം മുഴുവന്‍ ടീം യുഡിഎഫായി പ്രവര്‍ത്തിക്കുകയാണ്. നമ്മള് നൂറിലധികം സീറ്റുമായി അധികാരത്തില്‍ വരുമ്പോള്‍ പട്ടാമ്പിയില്‍നിന്നും യുഡിഎഫ് എംഎല്എയുണ്ടാവണം.
പട്ടാമ്പി യുഡിഎഫിന്റെ ഉരുക്കുകോട്ടയാണെന്നും തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. പട്ടാന്പിയിലെ സ്വീകരണ സമ്മേളനം എന്‍.കെ. പ്രേമചന്ദ്രന് എം പി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് കെ.പി. വാപ്പൂട്ടി അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ എം.എം. ഹസ്സന്, വി.കെ. ശ്രീകണ്ഠന് എംപി, അനൂപ് ജേക്കബ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്, മുന്‍ എംഎല്‍എ സി.പി. മുഹമ്മദ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പി. ബാലഗോപാല്‍, ഷാനിമോള്‍ ഉസ്മാന്, എന്‍. ഷംസുദീന്‍ എംഎല് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
വൈകുന്നേരം ചെര്‍പ്പുളശേരി ബസ് സ്റ്റാന്‍ഡിലും കോങ്ങാട് ടൗണിലെയും സ്വീകരണങ്ങള്‍ക്കുശേഷം മണ്ണാര്‍ക്കാട്ട് നല്കിയ സ്വീകരണത്തോടെ ആദ്യദിവസത്തെ യാത്ര സമാപിച്ചു. ഇന്നുരാവിലെ പാലക്കാട് പത്തിന് ടോപ് ഇന്‍ ടൗൺ ഹാളിൽ വിവിധ മേഖലകളിലെ പ്രമുഖരുമായി സംവദിക്കും.
തുടര്‍ന്ന് രാവിലെ പത്തിന് കുഴല്‍മന്ദം ചന്തപ്പുരയിലും പതിനൊന്നിന് പെരിങ്ങോട്ടുകുറുശിയിലും വൈകീട്ട് മൂന്നിന് കൊല്ലങ്കോട്ടും നാലിന് ചിറ്റൂര്‍ തത്തമംഗലത്തും സ്വീകരണം നടക്കും. ജില്ലാതല പര്യടനത്തിന്റെ സമാപനം അഞ്ചിന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തു നടക്കും. മുന്‍ കെപിസി സി പ്രസിഡന്റ് കെ. മുരളീധരന് ഉദ്ഘാടനം ചെയ്യും.