ലഹരിക്കെതിരെ സ്പോർട്സ് എന്ന ആശയവുമായി സംഘടിപ്പിച്ച വാക്കത്തൺ രാജേന്ദ്ര മൈതാനിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കൊച്ചി: ലഹരിക്കെതിരെ സ്പോർട്സ് എന്ന ആശയവുമായി വടുതല ഡോൺ ബോസ്കോ സ്പോർട്സ് സെന്റർ സ്പോർട്സ് ഫോർ ചേഞ്ച് മെഗാ ലോഞ്ചും വാക്കത്തണും സംഘടിപ്പിച്ചു. രാജേന്ദ്ര മൈതാനിയിൽ നിന്ന് ആരംഭിച്ച വാക്കത്തൺ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു.
പുതുതലമുറയ്ക്കു മുമ്പിൽ വലിയൊരു കെണിയാണ് ലഹരി മാഫിയ ഒരുക്കുന്നതെന്നും ഈ കെണി തകർത്തെറിയുമെന്ന പ്രഖ്യാപനം കൂടിയാണ് ഈ വാക്കത്തണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളും യുവാക്കളും ഉൾപ്പെടെ ആറായിരത്തിലേറെ പേർ അണിനിരന്ന വാക്കത്തൺ ദർബാർ ഹാൾ ഗ്രൗണ്ടിൽ സമാപിച്ചു.
എംഎൽഎമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, ചാണ്ടി ഉമ്മൻ അസി. പോലീസ് കമ്മീഷണർ രാജ്കുമാർ, എക്സൈസ് ഓഫീസർ അബ്ദുൽ ബാസിത്, ചലച്ചിത്ര താരം സാധിക വേണുഗോപാൽ, ബാലതാരം ദേവനന്ദ എന്നിവർ പ്രസംഗിച്ചു.