നിർമാണ പ്രവൃത്തിയെത്തുടർന്ന് വടകരയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്.
വടകര: ഏറെ കാലമായി വടകരയിലെത്തുന്നവരും വടകരക്കാരും ചോദിക്കുന്നൊരു ചോദ്യമാണിത്, ഈ ദുരിതയാത്രക്കു മോചനമില്ലേ? വര്‍ഷങ്ങളായി തുടരുന്ന ദേശീയപാത വികസന ജോലി വാഹന യാത്രക്കാരുടെയും കാല്‍നടക്കാരുടെയും ക്ഷമ പരിശോധിക്കും വിധം അനന്തമായി നീളുകയാണ്. മിക്ക ജില്ലകളിലും ദേശീയപാത പ്രവൃത്തി പൂര്‍ത്തിയാക്കി റോഡ് തുറന്ന് കൊടുത്തും ടോള്‍ പിരിവ് തുടങ്ങിയും കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ തീരാശാപത്തിലാണ് വടകര.
ഏത് നേരത്തും വാഹനങ്ങളുടെ നീണ്ട നിര കാണാം. വൈകുന്നേരമാകുമ്പോഴേക്കും സ്ഥിതി ദയനീയമാകും. തലങ്ങും വിലങ്ങുമെന്ന മട്ടില്‍ ലോറികളും ദീര്‍ഘദൂര ബസുകളും കിട്ടാവുന്ന മാര്‍ഗത്തിലൂടെ നീങ്ങുന്നു. ഇത്തരം വാഹനങ്ങളുടെ കുതിപ്പില്‍ ചെറു വാഹനങ്ങള്‍ ഏറെ പരുങ്ങലിലാണ്. യാത്ര അസഹ്യമാക്കുന്ന സര്‍വീസ് റോഡും അതിന്റെ ഓരത്തുള്ള ഇടക്കിടെ പൊട്ടുന്ന സ്ലാബുകളും ചെറു വാഹനങ്ങള്‍ക്കടക്കം ഭീഷണിയാണ്.
അപ്രതീക്ഷിതമായ ഗതാഗത കുരുക്കും ഇടക്കിടെയുള്ള ദിശാമാറ്റവും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ആളുകള്‍. ദേശീയപാതയോരത്തുള്ള ആശ ഹോസ്പിറ്റലില്‍ പോകേണ്ടവരും അടക്കാത്തെരു, പഴങ്കാവ്, നാരായണ നഗരം ജംഗ്ഷനിലൂടെ പോകേണ്ടവരും ഏറെ നേരം റോഡില്‍ കുടുങ്ങുന്ന സ്ഥിതിയാണ്. ആംബുലന്‍സ് പോലും തിരക്കില്‍ അകപ്പെടുന്നത് നിത്യ സംഭവമാണ്. ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ പോലീസുകാര്‍ ഇല്ലാത്തതും പ്രശ്നം വഷളാക്കുന്നു.
ചെറിയ ഭാഗത്ത് മാത്രം ഉയരപ്പാതയും ബാക്കിയുള്ളിടത്ത് മണ്ണിട്ട് നികത്തിയുള്ള റോഡുമായാണ് ഇപ്പോഴത്തെ പ്രവൃത്തി പുരോഗമിക്കുന്നത്. നഗരഹൃദയഭാഗത്ത് പൂര്‍ണമായും ഉയരപ്പാത വേണമെന്ന ആവശ്യം പരിഗണിക്കപ്പെടാതെ കിടക്കുന്നു. മണ്ണിട്ടുയര്‍ത്തിയുള്ള റോഡ് പണിയും അനിശ്ചിതത്വത്തിലാണ്. അതുകൊണ്ടുതന്നെ ഈ ഭാഗത്തെ ജോലി എന്ന് പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിന്റെ ദുരിതം പേറുകയാണ് യാത്രക്കാരും കച്ചവടക്കാരും.
Tags : Local News Nattuvishesham Kozhikode