വൈക്കം: കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതിനെ തുടർന്ന് കുട്ടികൾ ഹോസ്റ്റൽ വിട്ടു പോകുന്നതായി പരാതി. വൈക്കം നഗരസഭ പരിധിയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റൽ അധികൃതർക്കെതിരേയാണ് പരാതി.
കുട്ടികളെ ചൂരലിനടിക്കുകയും മാനസികമായി പ്രയാസമുണ്ടാക്കുന്ന തരത്തിൽ ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതു മൂലമാണ് കുട്ടികൾ ഹോസ്റ്റൽ വിടാൻ നിർബന്ധിതരായതെന്ന ആരോപണവമായി രക്ഷിതാക്കളും രംഗത്തെത്തി. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഈ അധ്യയന വർഷം 16 കുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ച് വിവിധ സ്കൂളുകളിൽ പഠിക്കാനായി ചേർന്നത്.
ശാരീരിക മാനസിക പീഡനം മൂലം കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ ആറു കുട്ടികൾ ഹോസ്റ്റലിൽ നിന്ന് പിരിഞ്ഞുപോയി. നിസാര കാര്യങ്ങളുടെ പേരിൽ ചൂരലുപയോഗിച്ച് നിരന്തരം അടിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് ഗത്യന്തരമില്ലാതെ ഈ കുട്ടികൾ ഹോസ്റ്റൽ വിട്ടതെന്ന് രക്ഷിതാക്കൾ പറയുന്നു.
ഈ വിധത്തിൽ പെരുമാറുന്ന പക്ഷം ഈ അധ്യയന വർഷം പൂർത്തിയാകുന്നതിനുമുമ്പ് ഹോസ്റ്റൽ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകുമെന്നും രക്ഷിതാക്കൾ പറയുന്നു. ജീവിത സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ഏറെ നൊമ്പരങ്ങളുള്ള കുട്ടികളാണ് ഹോസ്റ്റലിലെത്തിയ വിദ്യാർഥികൾ പലരും. ഹോസ്റ്റലിലും മാനസികവും ശാരീരികമായ പീഡനം നേരിട്ടതിനാൽ ഹോസ്റ്റലിലേക്ക് തിരിച്ചു വരാൻ കുട്ടികൾക്ക് ഭയമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
സ്കൂളിൽ നിന്ന് ഒരു ദിവസം വൈകി എത്തിയതിന്റെ പേരിൽ പ്ലസ്ടു വിദ്യാർഥിനിയെ സന്ധ്യാ സമയത്ത് ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടു. രണ്ടു കിലോമീറ്ററകലെ ബന്ധുവീടുള്ളതിനാൽ രാത്രി പെൺകുട്ടി വീട്ടിൽ നടന്നെത്തി. നിരുത്തരവാദപരമായി പെരുമാറുന്ന ജീവനക്കാരെ മാറ്റിയാൽ വിട്ടുപോയ കുട്ടികളിൽ ഭൂരിഭാഗത്തേയും ഹോസ്റ്റലിൽ തിരിച്ചെത്തിക്കാൻ തയാറാണെന്നും രക്ഷിതാക്കൾ പറയുന്നു.
സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു ബോധ്യപ്പെട്ടു പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവർത്തനം സുഗമമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമീപവാസിയും സിപിഎമ്മിന്റെ നഗരസഭാ കൗൺസിലറുമായ കവിതാ രാജേഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ, വൈക്കം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എന്നിവരെ ഫോണിൽ ബന്ധപ്പെട്ട് ആവശ്യമുന്നയിച്ചു.
Tags : Vaikom Premetric Hostel Students