കൊല്ലം: ഒന്നല്ല,രണ്ടല്ല... കൊല്ലത്ത് തീ ചീറ്റുന്ന വാഹനങ്ങൾ യഥേഷ്ടം. ചവറയിലെ ഒരു എൻജിനിയറിംഗ് കോളജ് നടത്തിയ ഓട്ടോ ഷോയിലാണ് അവസാനമായി തീചീറ്റുന്ന കാറുകൾ വന്നത്. ചീറി പായുന്ന ബൈക്കുകളും തീതുപ്പുന്ന കാറുകളും വിദ്യാർഥികളും യുവാക്കളും ഹരമായി കാണുന്നകാലം. വാഹനങ്ങളില്‍ അപകടരമായ ഒരു മാറ്റവും വരുത്താന്‍ പാടില്ലെന്നും മേളകളിലോ എക്സ്പോകളിലോ ഇത്തരം വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പാടില്ലെന്നും എംവിഡി ഉദ്യോഗസ്ഥര്‍ പറയുന്പോൾ തന്നെയാണ് ഇതെല്ലാം നടക്കുന്നത്. അടുത്തിടെ കുണ്ടറയിൽ സമാനമായ രീതിയിൽ തീചീറ്റുന്ന കാർ ഉപയോഗിച്ച് വിവാഹ ആഘോഷം നടത്തിയതിന് പിന്നാലെയാണ് കോളജ് കാമ്പസിലും ഇത് ആവർത്തിച്ചത്.
കഴിഞ്ഞദിവസം തീ ചീറ്റുന്ന മറ്റൊരു കാർ എംവിഡി പിടികൂടിയിരുന്നു. കൊല്ലം കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാറാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത്. കാറിന്റെ പുക കുഴല്‍ വഴി അപകടകരമായ രീതിയില്‍ തീ തുപ്പുന്ന കാര്‍ വർക്ക്ഷോപ്പിൽ നിന്നാണ് കണ്ടെത്തിയത്. രൂപമാറ്റം വരുത്തി പുതിയ നിറമടിക്കാനായിരുന്നു നീക്കം. സമൂഹമാധ്യമത്തിലടക്കം ദൃശ്യങ്ങള്‍ വൈറലായിരുന്നു. വാഹനം സ്റ്റാര്‍ട്ടാക്കുമ്പോഴും റെയിസ്് ചെയ്യുമ്പോഴും പുകകുഴല്‍ വഴി തീ തുപ്പുന്നുണ്ടായിരുന്നു. കൊല്ലത്തെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായി വന്നവര്‍ സഞ്ചരിച്ച വാഹനമായിരുന്നു ഇത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോഴാണ് നാട്ടുകാരും അറിയുന്നത്. ദൃശ്യങ്ങള്‍ വൈറലായി. ഇതോടെ മോട്ടോര്‍വാഹനവകുപ്പ് കാര്‍ കണ്ടെത്താന്‍ പരക്കം പാഞ്ഞു.
നിരത്തുകളിൽ രൂപമാറ്റം വരുത്തിയ ബൈക്കുകളുമായി ചീറിപ്പായുന്നതും അപകടകരമായി വാഹനമോടിക്കുന്നതും തടയാൻ പോലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് പറയാറുള്ളത്. ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്പോലുള്ള പരിശോധനകളിലൂടെ, ഹെൽമെറ്റ് ധരിക്കാതെയും അമിതവേഗതയിലും പോകുന്നവർക്കെതിരെ നടപടിയെടുക്കുന്നുണ്ട്.
രൂപമാറ്റം നിയമലംഘനം
വാഹനങ്ങളിലെ മോഡിഫിക്കേഷനുകൾ നമ്മുടെ രാജ്യത്ത് നിയമലംഘനമാണെന്നിരിക്കെ അത്തരം പ്രവർത്തികൾ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. പല നിയമലംഘനങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുമ്പോൾ അതിനെതിരെ തക്കതായ നടപടികൾ കൈക്കൊളളുന്നുണ്ടെങ്കിലും ഈ പ്രവണത വർധിക്കുന്നുണ്ട്.
കാർ നീന്തൽക്കുളം
കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ യാത്ര ചെയ്ത വ്ലോഗറെ കേരളം കണ്ടതാണ്. എന്ത് ചെയ്താലും പ്രശ്നമില്ലെന്ന ധാരണയാണിത്. കൂടാതെ കാഴ്ചക്കാരെ സൃഷ്ടിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളത്. നിയമങ്ങളെ കുറിച്ച് അറിവില്ലായ്മയും കൂടെയുണ്ട്. ഇയാളെ പിടിച്ചു മോട്ടർ വാഹന വകുപ്പ് ശിക്ഷയും കൊടുത്തിരുന്നു. മെഡിക്കൽ കോളജിൽ സന്നദ്ധ സേവനം ചെയ്യിച്ചു.
കാറിനു മുകളിൽ യാത്ര
കൊടുവള്ളിയിൽ കാറിനുമുകളിൽ കുട്ടികളെ കയറ്റിയിരുത്തി അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തിയത് പിടികൂടിരുന്നു. ദേശീയപാതയിൽ കുന്ദമംഗലത്താണ് സൺ റൂഫിന് മുകളിൽ മൂന്നുകുട്ടികളെ കയറ്റിയിരുത്തിയാണ് പിതാവ് അതിവേഗം അപകടകരമായ രീതിയിൽ കാറോടിച്ചത്. മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാക്കൾ കാറിനുമുകളിലും ഡോർ തുറന്നു പിടിച്ചു അപകടകരമായി കയറി നിന്നും അഭ്യാസം കാണിക്കുന്നതും നിത്യസംഭവമാണ്. പിടികൂടാറുമുണ്ട്. കുട്ടികളെ കൊണ്ടു കാർ ഓടിപ്പിക്കുന്നതും കുട്ടികളെ ബോണറ്റിലിരുത്തി ഡ്രൈവസ് ചെയ്യുന്നതും കേരളത്തിൽ നിത്യസംഭവമായിരിക്കുന്നു.
ഹൈക്കോടതി വിധി
വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിൽ കർശന നിർദേശവുമായി ഹൈക്കോടതി വിധി തന്നെ നിലവിലുണ്ട്. വാഹനത്തിൽ വരുത്തുന്ന ഓരോ രൂപമാറ്റത്തിന് 5000 രൂപ പിഴയിടാക്കാമെന്നാണ് കോടതി വിധിയുള്ളത്. ഡ്രൈവർ കാബിനിലിരുന്ന് വീഡിയോ പകർത്തുന്നതും കുറ്റകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ വീഡിയോ പകർത്തുന്നതു ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കും എന്നതിനാലാണ് ഇത്. വാഹനങ്ങൾ രൂപമാറ്റം വരുത്തുകയും അധിക എൽഇഡി ലൈറ്റുകളും മറ്റും ഫിറ്റ് ചെയ്യുകയും ഈ വീഡിയോകൾ യുട്യൂബിലടക്കം പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന വ്ലോഗർമാർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു.
റോഡ് സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന വിധം വാഹനങ്ങളിൽ രൂപമാറ്റം വരുത്തി നിയമലംഘനം നടത്തുന്നവരുടെ ലൈസൻസും വാഹനങ്ങളുടെ ആർസി ബുക്കും റദ്ദാക്കാനുള്ള വ്യവസ്ഥകൾ അധികൃതർ കർശനമായി പാലിക്കണമെന്നും വാഹനങ്ങൾ വലിയതോതിൽ രൂപമാറ്റം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന നിയമം 190 (2) വകുപ്പു പ്രകാരം സസ്പെൻഡ് ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
മൂക്കിനു താഴെ നിയമലംഘനം
ലൈസൻസ് കൊടുക്കാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ തന്നെ നിയമലംഘനത്തിനു കൂട്ടുനിന്നാൽ ആരെയാണ് കുറ്റം പറയാൻ സാധിക്കുന്നത്. ലൈസൻസിനു മുന്‍പുള്ള ബോധവത്കരണത്തിന് എത്തുന്ന അപേക്ഷകർ ഭൂരിപക്ഷവും ബൈക്കിലോ സ്കൂട്ടറിലാണ് കൊല്ലത്ത് എത്തുന്നത്. ഉദ്യോഗസ്ഥരുടെ ബോധവത്കരണം കഴിയുന്പോൾ ഇവർ ഓടിച്ചുകൊണ്ടു പോകുന്നു. അപ്പോഴും ഒരു സംശയം മാത്രം നാട്ടുകാർക്ക് ബാക്കിയാകുന്നു. ലൈസൻസ് ഇല്ലാത്ത ഇവരെല്ലാം എങ്ങനെയാണ് വാഹനം ഓടിച്ചു വരുന്നത്.
എങ്ങനെയാണ് ഇവർക്ക് ഈ സ്ഥാപനത്തിൽ തന്നെ ഉദ്യോഗസ്ഥർക്ക് ഒപ്പം വാഹനം പാർക്ക് ചെയ്യാൻ കഴിയുന്നത്. ലേണേഴ്സ് ഉണ്ടെങ്കിൽ എൽ ചിഹ്നമെങ്കിലും വാഹനത്തിൽ കാണില്ലേ. അപ്പോൾ ഇവിടെ കുറച്ചു കാശ് അടച്ചു ഉദ്യോഗസ്ഥരുടെ ക്ലാസും കഴിയുന്പോൾ എല്ലാം ശരിയാകുമോ. ഇതെല്ലാം ഒന്ന് അന്വേഷിക്കാൻ ആർക്കാണ് കഴിയുന്നത്.
Tags : Local News Nattuvishesham Kollam