കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലത്തിനുസമീപം പാതയോരത്തെ തേക്കുമരത്തിൽ വഴിയാത്രികർക്ക് അപകടഭീഷണി ഉയർത്തുന്ന കടന്നൽ കൂട്
കുളത്തുപ്പുഴ: മലയോര ഹൈവേയിലെ ജനവാസമേഖലയിൽ തിരുവനന്തപുരം, തെങ്കാശി അന്തർ സംസ്ഥാന പാതയോരത്തെ മരത്തിനുമുകളിൽ കൂറ്റൻ കാട്ടുകടന്നൽക്കൂട് യാത്രക്കാർക്ക് ഭീഷണിയാകുന്നു.
കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലത്തിനു അടുത്തു നിൽക്കുന്ന തേക്ക് മരത്തിനു മുകളിലായാണ് കടന്നൽ കൂട് കണ്ടെത്തിയത്. പാതയോരത്തെ മരത്തിനു മുകളിലായുള്ള കടന്നൽകൂട് കാറ്റിൽ ഇളകിയാടുന്ന നിലയിലാണ്. അറക്കടന്നൽ എന്നറിയപ്പെടുന്ന ഇവയുടെ കുത്തേറ്റാൽ അസഹനീയമായ വേദനയും ഗുരുതരമായ അലർജിയും ഉണ്ടാവും. ഇവയുടെ ആക്രമണം കൂടിയാൽ മരണംവരെ സംഭവിക്കാൻ സാധ്യതയുണ്ട്.
കുരങ്ങന്മാരുടെ ഏറെ ശല്യമുള്ള പ്രദേശം കൂടിയാണിത്. കാക്കയോ പരുന്തോ മറ്റ് പക്ഷികളോ കടന്നൽക്കൂട് കൊത്തി ഇളക്കിയാൽ വഴിയാത്രക്കാർക്കും സമീപവാസികൾക്കും ഏറെ അപകടത്തിനിടയാക്കും. കാൽനടയാത്രികരും സ്കൂൾ കുട്ടികളും, ഇരു ചക്രവാഹനയാത്രികരും, ഇതുവഴി കടന്നുപോകുമ്പോൾ അതീവ ജാഗ്രതയും മുൻകരുതലും പാലിക്കേണ്ടതാണെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്തെ പ്രത്യേക അപകടസാധ്യത കണ്ട് അധികൃതർ ഇടപെട്ട് പാതയോരത്തെ ദുരന്തം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ദിവസങ്ങൾക്ക് മുൻപ് ചോയ്ക്കോട് തേനീച്ച ആക്രമണത്തിന് ഇരയായവർ ഇപ്പോഴും ചികിത്സയിലാണ്.
Tags : Local News Nattuvishesham Kollam