ചവറ : നിയോജക മണ്ഡലപരിധിയിൽ നടന്നു വരുന്ന ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കപ്പെടുന്ന ഉയരപ്പാതയുടെ ഭാഗങ്ങളിൽ വേസ്റ്റ് മണ്ണും ഡ്രെഡ്ജിംഗ് മണ്ണും ഉപയോഗിക്കുന്നതായി ഗുരുതരമായ ആരോപണം. ഇത് വലിയ ഭീഷണിയാണെന്ന ആരോപണവുമായി നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.കായലുകളിൽ നിന്നും എടുത്ത ഡ്രെഡ്ജിംഗ് മണ്ണ് ശാസ്ത്രീയ പരിശോധനയില്ലാതെ റോഡ് നിർമാണത്തിനായി ഉപയോഗിക്കുകയാണ്.
കൂടാതെ സമീപത്തെ പൊതുമേഖല സ്ഥാപനത്തിൽ നിന്നും ഉള്ള വെള്ള വേസ്റ്റ് മണ്ണും ഉപയോഗിക്കുന്നതായി ആരോപണം ഉണ്ട്. ഇത് ഭാവിയിൽ വലിയ പരിസ്ഥിതി ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്നു വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മണ്ണ് നിറച്ചുള്ള ഉയരപ്പാത വരുന്നതോടുകൂടി മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകാനും സമീപവാസികളുടെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറാനും ഇത് കാരണമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. മണ്ണ് നിറച്ച് റോഡ് ഉയർത്തുന്ന നിലവിലെ രീതിക്കെതിരെ പ്രതിഷേധമാണ് ഉയരുന്നത്.
പരിസ്ഥിതി സൗഹൃദവും ദീർഘകാലവും സുരക്ഷിതവുമായ പരിഹാരമെന്ന നിലയിൽ തൂണുകളിൽ തീർത്ത ഉയരപ്പാത (എലിവേറ്റഡ് ഹൈവേ) നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. അത്തരം നിർമാണം നടപ്പാക്കിയാൽ ഭൂമി നികത്തൽ ഒഴിവാക്കാനും പ്രകൃതിദത്ത ജലപ്രവാഹം തടസപ്പെടാതിരിക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
ചവറ പന്മന പഞ്ചായത്തുകളിലായി മീറ്ററുകളുടെ വ്യത്യാസത്തിലാണ് ഉയര പാതകൾ വരുന്നത്. ചവറ പാലം കഴിഞ്ഞാൽ കൊറ്റൻകുളങ്ങര ജംഗ്ഷൻ, ശങ്കരമംഗലം ജംഗ്ഷൻ, ടൈറ്റാനിയം ജംഗ്ഷൻ ഇവയെല്ലാം അടുത്തടുത്തായിട്ടാണ് വരുന്നത്. ഇവിടെയെല്ലാം തൂണിൽ തീർത്ത ഒറ്റ ഉയരപ്പാത വന്നാൽ ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായി മാറും എന്നാണ് വിലയിരുത്തുന്നത്. അടിയന്തരഘട്ടങ്ങളിൽ മണ്ണുനിറച്ച ഉയരപ്പാതകൾ ഏറെ ക്ലേശകരമായി മാറും എന്നാണ് നാട്ടുകാർ പറയുന്നു. തൂണുകളിൽ ഉള്ള ഉയരപ്പാത വന്നാൽ അടിഭാഗത്ത് വാഹനങ്ങൾക്കും മറ്റും പാർക്ക് ചെയ്യാനും സാധിക്കും.
മണ്ണിട്ടുള്ള ഉയരപ്പാത വരുമ്പോൾ വിവിധ സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാലയങ്ങളും എല്ലാം വേർതിരിക്കപ്പെടുന്ന തരത്തിൽ മാറുമെന്നും പരാതി ഉയരുന്നുണ്ട്.
നിർമാണ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും ഉപയോഗിക്കുന്ന മണ്ണി െന്റ ഉറവിടവും ഗുണനിലവാരവും പൊതു പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു ഉപയോഗിക്കേണ്ട അസംസ്കൃത വസ്തുക്കൾ ടെണ്ടർ / ക്വട്ടേഷൻ വ്യവസ്ഥയിൽ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും ആശങ്കയോടെ നാട്ടുകാർ ആവശ്യപ്പെടുന്നു.
വിഷയത്തിൽ അടിയന്തരമായി പരിശോധന നടത്തി യഥാർഥ സ്ഥിതി പുറത്തുകൊണ്ടുവരാൻ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags : nattu vishesham Waste soil elevated