നെടുമങ്ങാട്: വാട്ടർ അഥോറിട്ടി നെടുമങ്ങാട് ഓവർസിയർ ഓഫീസ് പരിധിയിൽ കുടിവെള്ള മുടക്കം പതിവാകുന്നു. ഐഎസ് ആർഒ ലൈനിനു കീഴിൽ വരുന്ന നൂറുകണക്കിന് ഉപഭോക്താക്കളാണ് ശുദ്ധജലം കിട്ടാതെ ദിവസങ്ങളായി വലയുന്നത്.
കല്ലിംഗൽ, വാണ്ട, പനച്ചമൂട്, മുഖവൂർ, കരുപ്പൂര് ഭാഗങ്ങളിൽ പൈപ്പ് വെള്ളം മുടങ്ങിയിട്ട് നാലു ദിവസമായെന്നു നാട്ടുകാർ പരാതിപ്പെടുന്നു. ആഴ്ചയിൽ മൂന്നു ദിവസം ഈ ലൈനിൽ വെള്ളം ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും ഷെഡ്യൂൾ അനുസരിച്ചല്ല വെള്ളം നൽകുന്നതെന്നാണ് പരാതി.
ഉപഭോക്താക്കളുടെ എണ്ണം ഏറിയതോടെ വട്ടപ്പാറ, പുലിപ്പാറ, ഐഎസ്ആർഒ എന്നിങ്ങനെ ലൈനുകൾ നിശ്ചയിക്കുകയും നിയന്ത്രിത ദിവസങ്ങളിൽ മാത്രം വെള്ളം നൽകുകയുമാണ് അധികൃതർ ചെയ്തിരുന്നത്. ഇക്കാര്യത്തിൽ കൃത്യത പാലിക്കാത്തതിനാൽ വെള്ളം ഏതുദിവസം കിട്ടുമെന്നറിയാതെ വിഷമത്തിലാണു നാട്ടുകാർ.
മതിയായ വെള്ളം സംഭരിച്ചു മുൻകരുതൽ എടുക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കുമെന്നും ജലഅഥോറിട്ടി ഓഫീസ് വൃത്തങ്ങൾ പ്രതികരിച്ചു.
Tags : nattu vishesham Water Authority ssues