മുതലക്കോടം മാവിന്‍ചുവട്ടില്‍ യുവാവിന്റെ മരണത്തിനിടയാക്കിയ കുഴിയിലെ ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനു മുന്നോടിയായി കല്ലുകള്‍ ഇളക്കിമാറ്റ
തൊടുപുഴ: മുതലക്കോടം മാവിന്‍ചുവട്ടില്‍ ബൈക്കപകടത്തില്‍ യുവാവ് മരിക്കാനിടയായ കുഴി മൂടി ഓട നവീകരിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. ആദ്യഘട്ടമായി ഓടയിലൂടെ കടന്നുപോകുന്ന ജലവിതരണ പൈപ്പുകള്‍ നീക്കുന്ന ജോലികള്‍ ഇന്ന് ആരംഭിക്കും. പൈപ്പുകള്‍ സുഗമമായി നീക്കുന്നതിനായി കുഴിക്കുള്ളിലെ വലിയ കല്ലുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഇളക്കി മാറ്റി. ശനിയാഴ്ച പൊതുമരാമത്ത് അധികൃതരും വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
മുതലക്കോടം സ്വദേശി കുന്നേല്‍ ജെയിസ് ബെന്നിയാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് പാതയോരത്തെ കുഴിയിലേക്ക് പതിച്ചായിരുന്നു അപകടം. സംഭവത്തെത്തുടര്‍ന്ന് കുഴി മൂടാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ പഴയ കലുങ്കിനോട് ചേര്‍ന്നുള്ള ഓടയാണിത്. വാഹനമിടിച്ച് കലുങ്ക് തകര്‍ന്നതോടെയാണ് വലിയ കുഴി രൂപപ്പെട്ടത്.
വര്‍ഷങ്ങളായി ഈ കുഴി മൂടാതിരുന്നതിനാല്‍ നിരവധി അപകടങ്ങളും ഇവിടെയുണ്ടായിരുന്നു. കുഴി മൂടാത്തത് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് നഗരസഭാ അധികൃതരും നാട്ടുകാരും ആരോപിച്ചിരുന്നു. എന്നാല്‍ ഓട വൃത്തിയാക്കാനായി നഗരസഭ സ്ലാബുകള്‍ എടുത്തുമാറ്റിയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊതുമരാമത്ത് വകുപ്പ് തിരികെ ആരോപണം ഉന്നയിച്ചു. യുഡിഎഫിന്റെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഓഫീസിലേക്കും സിപിഎമ്മിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്കും സമരം സംഘടിപ്പിക്കുകയും ചെയ്തു.
ആരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന വിവാദം ചൂടുപിടിക്കുന്നതിനിടെ അടിയന്തരമായി കുഴി മൂടണമെന്ന ആവശ്യവും വിവിധ മേഖലകളില്‍നിന്നു ശക്തമായി ഉയര്‍ന്നു. ഇതിനിടെ നഗരത്തിലെ ഗതാഗത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പി.ജെ. ജോസഫ് എംഎല്‍എയും ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇതോടെയാണ് കുഴിയടയ്ക്കലുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലായത്.
നിലവിലുള്ള ജലവിതരണ പൈപ്പുകള്‍ മാറ്റി എംഎസ് പൈപ്പുകള്‍ സ്ഥാപിക്കുന്നതോടെ നിര്‍മാണം തുടങ്ങുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.