കോതമംഗലം: മൂവാറ്റുപുഴയാറിലെ ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ഭൂതത്താന്‍കെട്ട് ഡാമില്‍ വെള്ളം സംഭരിച്ച് തുടങ്ങി. ഇടുക്കി ജല വൈദ്യുത പദ്ധതി അറ്റകുറ്റപ്പണിക്കായി ഒരു മാസത്തേക്ക് അടച്ചതോടെ മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് താഴുന്നത് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഭൂതത്താന്‍കെട്ട് ഡാമില്‍ ജലം സംഭരിക്കുന്നത്. ഡാമില്‍നിന്ന് പെരിയാര്‍വാലി കനാലുകളിലൂടെ മൂവാറ്റുപുഴയിലേക്ക് വെള്ളം എത്തിക്കും. ഇതിനായി ഡാമിന്റെ മൂന്ന് ഷട്ടര്‍ ഒഴിച്ച് ബാക്കിയുള്ളവ ബുധനാഴ്ച രാത്രി മുതല്‍ ഘട്ടംഘട്ടമായി അടച്ചു.
ഇടുക്കി പദ്ധതിയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നവംബറില്‍ കനാല്‍ തുറക്കുന്നത്. കോതമംഗലം, മുളവൂര്‍ ബ്രാഞ്ച് കനാലുകള്‍ മാത്രമാണ് അടുത്ത ആഴ്ച തുറക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പത്ത് ദിവസത്തേക്ക് കൂടി മൂവാറ്റുപുഴയാറിലെ ജലനിരപ്പിൽ കാര്യമായ താഴ്ചയുണ്ടാകില്ലെന്നാണ് കണക്കാക്കുന്നത്.
ഇത് താഴ്ന്നാൽ പുഴയെ ആശ്രയിച്ചുള്ള നിരവധി കുടിവെള്ള പദ്ധതികളെ ബാധിക്കും. മൂവാറ്റുപുഴയാറിലേക്ക് പ്രത്യേക സാഹചര്യത്തില്‍ ആദ്യമായാണ് ഇങ്ങനെ വെള്ളം എത്തിക്കുന്നതെന്ന് പെരിയാര്‍ വാലി അധികൃതര്‍ ചൂണ്ടിക്കാട്ടി. വെള്ളം എത്തിക്കുന്നതിനായി രണ്ട് കനാലുകളിലും ശുചീകരണ പ്രവൃത്തി തുടങ്ങി. ശുചീകരണം ഏതാനും ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കി 22ന് മുമ്പ് കനാല്‍ തുറക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.