കൊടകര: മറ്റത്തൂര്‍, കൊടകര പഞ്ചായത്തുകളിലെ ആയിരങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന കാവനാട് ശുദ്ധജലപദ്ധതിയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. കുറുമാലിപുഴയിലെ ജലനിരപ്പ് താഴ്ന്നതാണ് ആറ്റപ്പിള്ളിയിലുള്ള കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് നിലയ്ക്കാന്‍ കാരണമായത്.
പമ്പിംഗ് നിലച്ചതോടെ കുടിവെള്ളം കിട്ടാതെ നൂറുകണക്കിനു കുടുംബങ്ങള്‍ ദുരിതത്തിലാണ്. വേനല്‍ രൂക്ഷമായതിനെ തുടര്‍ന്ന് കിണറുകളില്‍ ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുന്നതിനിടെ പൈപ്പുവഴിയുള്ള ജലവിതരണം തടസപ്പെട്ടത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കയാണ്.
പല കുടുംബങ്ങലും ലോറിയില്‍ വെള്ളം കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് കുറുമാലിപുഴയില്‍ നിര്‍മിക്കാറുള്ള താത്്കാലിക തടയണകളുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് പുഴയിലെ ജലനിരപ്പ് താഴ്ന്നുപോകാന് കാരണായത്. ചിമ്മിനിഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടാലേ പ്രതിസന്ധി പരിഹരിക്കപ്പെടുകയുള്ളു.
വിവിധയിടങ്ങളില്‍ ചിറകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം അടുത്തമാസം രണ്ടിനേ ചിമ്മിനിഡാമില്‍ നിന്ന് വെള്ളം തുറന്നുവിടാനാകൂ എന്നാണ് ജലസേചന വകുപ്പധികൃതരുടെ നിലപാട്.
ആറ്റപ്പിള്ളിയുടെ താഴ്ഭാഗത്തുള്ള കുണ്ടുകടവില്‍ നേരത്തെ വേനല്‍ക്കാലത്ത് താല്‍ക്കാലിക മണ്‍ചിറ നിര്‍മിക്കാറുണ്ട്. എന്നാല്‍ കുണ്ടുക്കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഇവിടെ ഇപ്പോള്‍ തടയണ നിര്‍മാണം നടന്നിട്ടില്ല. ആറ്റപ്പിള്ളി പമ്പ് ഹൗസിനു സമീപം പുഴയില്‍ നിര്‍മിച്ചിട്ടുള്ള കിണറില്‍ വെള്ളമില്ലാത്തതിനാലാണ് ഇവിടെ കഴിഞ്ഞ മൂന്നുദിവസത്തോളമായി പമ്പിംഗ് പൂര്‍ണമായി നിലച്ചത്.
പുഴയില്‍ മണല്‍ച്ചാക്കുകളിട്ട് ഇവിടെ വെള്ളം തടഞ്ഞുനിര്‍ത്തി കിണറില്‍ ജലനിരപ്പുയര്‍ത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.ടില്ലറുകളുടെ സഹായത്തോടെ പുഴയില്‍ നിന്ന് ആറ്റപ്പിള്ളിയിലെ ഫില്‍റ്റര്‍ ബസ് കിണറിലേക്ക് വെള്ളം പമ്പ് ചെയ്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി പമ്പ് ഹൗസിലെ കിണറ്റില്‍ ജലവിതാനം ഉയര്‍ത്തി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് പൈപ്പുകള്‍ വഴി കുറഞ്ഞതോതില്‍ വെള്ളം വിതരണം ചെയ്തു തടങ്ങിയിട്ടുണ്ട്.
ധര്‍ണ നടത്തി
കൊടകര: പമ്പിംഗ് തടസപ്പെട്ടതിനെ തുടര്‍ന്ന് കൊടകര പഞ്ചായത്തില്‍ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കൊടകര പഞ്ചായത്തോഫിസിന് മുന്നില്‍ നടന്ന ധര്‍ണ സിപിഎം കൊടകര ഏരിയ കമ്മിറ്റി അംഗവും, പഞ്ചായത്ത് മെമ്പറുമായ സി.എം. ബബീഷ് ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു.