പച്ചക്കറിത്തൈകൾ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ കർഷകനും കൃഷിയിടത്തിന്റെ ഉടമയുമായ കെ.പി. വേണുഗോപാലിനു കൈമാറുന്നു.
വൈക്കം: എംഎൻ കാർഷിക വികസന കുട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്താകെ കാർഷിക രംഗത്ത് ഉണർവ് ഉണ്ടാക്കുന്നതിനായി കൃഷി ആരംഭിക്കുന്നു. 1970ലെ സി. അച്യുതമേനോൻ മന്ത്രിസഭയിലെ കൃഷിമന്ത്രിയായിരുന്ന എം.എൻ. ഗോവിന്ദൻ നായരുടെ അനുസ്മരണയ്ക്കാണ് കാർഷിക സമൃദ്ധിക്കായി കൃഷി വ്യാപകമാക്കുന്നത്.
വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഓണത്തിന് ഒരുപറ നെല്ല് എന്ന പദ്ധതി നടപ്പാക്കി എം.എൻ വിദ്യാർഥികളിൽ കാർഷികാഭിമുഖ്യം വളർത്തിയിരുന്നു. കേരളത്തിലാകെ എഐടിയുസിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന എം.എൻ കാർഷിക വികസന കൂട്ടായ്മ സമൃദ്ധി പദ്ധതിയുടെ ഭാഗമായി വൈക്കം ഉദയനാപുരം കടമ്മാട്ട് ആരാധനയിൽ കെ.പി. വേണുഗോപാലിന്റെ പുരയിടത്തിൽ കൃഷിക്ക് തുടക്കമായി. 50 സെന്റ് സ്ഥലത്ത് നടത്തുന്ന കൃഷി തണ്ണിമത്തൻ, ചോളം തൈകൾ നട്ട് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വൈക്കം നഗരസഭാ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് മെയ്സൺ മുരളിയുടെ നേതൃത്വത്തിൽ സ്ഥലം ഉടമയും സമ്മിശ്ര കർഷകനുമായ കെ.പി. വേണുഗോപാലന്റെ സഹകരണത്തോടെയാണ് കൃഷി ചെയ്യുന്നത്.
എഐടിയുസി നേതാക്കളായ ടി.ജെ. ആഞ്ചലോസ്, സി.കെ. ആശ എംഎൽഎ, എ. ശോഭ, എലിസബത്ത് അസീസി, താവം ബാലകൃഷ്ണൻ, അഡ്വ. ജോർജ് തോമസ്, ആർ. പ്രസാദ്, ജോൺ വി. ജോസഫ്, എ.എം. ഫിറോസ്, ദീപ ശേഖർ, കാർഷിക വികസന സമിതി അംഗങ്ങളായ കെ.വി. പവിത്രൻ, പി. സോമൻപിള്ള, സിന്ധു മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam