ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിവസമായ ഇന്നലെ ഷംഷാബാദ് രൂപത സഹായ മെത്രാന് മാര്‍ തോമസ് പാടിയത്ത് സന്ദേശം
ചങ്ങനാശേരി: വചനത്തിന്റെ ശക്തിയില്‍ പ്രലോഭനങ്ങളെയും തിന്മകളെയും അതിജീവിക്കണമെന്ന് ഷംഷാബാദ് സഹായ മെത്രാന് മാര്‍ തോമസ് പാടിയത്ത്. എസ്ബി കോളജ് മൈതാനത്തെ മാര്‍ പവ്വത്തില്‍ നഗറില്‍ നടക്കുന്ന ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ പാടിയത്ത്.
ജഡത്തിന്റെയും ആത്മാവിന്റെയും ലോകത്തിന്റെയും പ്രലോഭനങ്ങളെ അതിജീവിച്ചാണ് ദൈവേഷ്ടം നിറവേറ്റപ്പെടേണ്ടത്. സമുദായ ശക്തീകരണവര്ഷത്തില് വചനത്തില്‍നിന്നും വിശുദ്ധ കുര്‍ബാനയില്‍ നിന്നും സഭാമക്കള്‍ ശക്തി നേടണമെന്നും മാര്‍ പാടിയത്ത് കൂട്ടിച്ചേര്‍ത്തു.
ഫാ. ചെറിയാന് കറുകപ്പറമ്പില്‍, ഫാ. ഫ്രാന്‍സിസ് കാരുവേലില്‍, ഫാ. മോര്‍ലി കൈതപ്പറമ്പില്, ഫാ. തോമസ് മംഗലത്ത്, ഫാ. ജോബി പരുവപ്പറമ്പില്‍, ഫാ. മാത്യൂ കാരേറ്റ്, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാ. ജസ്റ്റിന് വരുവുകാല എന്നിവര്‍ വിശുദ്ധകുര്ബാനയ്ക്ക് സഹകാര്‍മികത്വം വഹിച്ചു.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ.സാംസണ് മണ്ണൂര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. കണ്‍വന്‍ഷന്റെ മൂന്നാംദിനമായ ഇന്നലെ വിശ്വാസികളെക്കൊണ്ട് എസ്ബി കോളജ് മൈതാനം നിറഞ്ഞു കവിഞ്ഞു.
എല്ലാദിവസവും ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, റംശ, 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് വചന പ്രഘോഷണം, ആരാധന എന്നിങ്ങനെയാണ് ക്രമീകരണം. ഇന്ന് വൈകുന്നേരം 4.30ന് ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ വചനപ്രഘോഷണം നടത്തും.
ഇന്ന് മതാധ്യാപക മഹാസംഗമം
ഇന്ന് രാവിലെ ഒമ്പതിന് കണ്വന്ഷന് പന്തലില്‍ അതിരൂപതയിലെ മതാധ്യാപകരുടെ മഹാസംഗമം (നുഹ്റാ 2026) നടക്കും. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം നിര്‍വഹിക്കും. വൈകുന്നേരം അഞ്ചിന് കുട്ടികള്‍ക്ക് പരീക്ഷ ഒരുക്ക പ്രത്യേക പ്രാര്‍ഥന നടക്കും.
സമാപനദിനമായ നാളെ രാവിലെ ഒമ്പതിന് യുവജന കണ്വന്ഷന് നടക്കും. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാനയ്ക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാകാര്‍മികത്വം വഹിച്ച് സമാപന സന്ദേശം നല്‍കും. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ രോഗസൗഖ്യ പ്രാര്‍ഥനയും വചനപ്രഘോഷണവും നടത്തും.
Tags : Local News Nattuvishesham Kottayam