കൽപ്പറ്റ: വയനാട് ആസ്ഥാനമായി പശ്ചിമഘട്ട സർവകലാശാല സ്ഥാപിക്കുന്നതിന് സർക്കാരിൽ സമ്മർദം ചെലുത്തുന്നതിന് കർമ സമിതി രൂപീകരിച്ചു. ഇതിനു ചേർന്ന യോഗം കാലിക്കട്ട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാണ്‍സലർ ഡോ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു.
വയനാട് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി ഫാ. വർഗീസ് മറ്റമന മുഖ്യപ്രഭാഷണം നടത്തി. കെ.ഐ. വർഗീസ്, ഒ.എ. വീരേന്ദ്രകുമാർ, സി.ഡി. സുനീഷ്, ഡോ. സെബാസ്റ്റ്യൻ, സി.വി. ഷിബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഡോ. കെ.കെ.എൻ. കുറുപ്പ്(ചീഫ് അക്കാദമിക് കണ്‍സൾട്ടന്റ്), ജോണി പാറ്റാനി(ചെയർമാൻ),
ഫാ. വർഗീസ് മറ്റമന(കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു. അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമിക് കോഴ്സുകളാണ് സർവകലാശാലയിൽ ആവശ്യം. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസന കാഴ്ചപ്പാടിലുള്ള കോഴ്സുകൾക്കും ഗോത്രജനതയുടെ തനത് സംസ്കാരം നിലനിർത്തുന്നതിനും വംശനാശ ഭീഷണിയിലുള്ള പ്രാക്തന ഗോത്രവിഭാഗങ്ങളുടെ സംരക്ഷണത്തിനും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് സർവകലാശാല പ്രാധാന്യം നൽകേണ്ടത്.
തമിഴ്നാട്, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സെന്ററുകൾ ആരംഭിക്കാവുന്നതാണ്. സർവകലാശാലയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുകയോ സംഭാവനയായി സ്വീകരിക്കുകയോ ചെയ്യാം. ഭൂമിയും അനുബന്ധ സൗകര്യങ്ങളും ലഭ്യമാകുന്നതുവരെ കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്ത് സർവകലാശാല പ്രവർത്തനം തുടങ്ങാം.
ഇതിനു മുന്നോടിയി പഠനത്തിന് വിദഗ്ധ സമിതിയെ സർക്കാരിന് നിയോഗിക്കാം. ഇക്കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, കേരള ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രി, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർക്ക് കർമ സമിതി നിവേദനം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Tags : Local News Nattuvishesham Wayanad