ഏരുവേശി ഗ്രാമപഞ്ചായത്ത്
കഴിഞ്ഞ ഇരുപത് വർഷങ്ങളായി യുഡിഎഫ് ഭരണം തുടരുന്ന ഏരുവേശിയിൽ രണ്ടു പതിറ്റാണ്ടിന് മുന്പ് എൽഡിഎഫും യുഡിഎഫും ഇടവിട്ട് അധികാരത്തിലെത്തിയിരുന്നു. തളിപ്പറമ്പ് താലൂക്കിലെ ഏരുവേശി വില്ലേജിൽ ഉൾപ്പെടുന്ന കാർഷിക മേഖലാ പഞ്ചായത്തായ ഏരുവേശിക്ക് അമ്പത്തിനാല് ചതുരശ്ര കിലാമീറ്ററിലേറെ വിസ്തൃതിയുണ്ട്. കർഷകരും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നവരുമാണ് വോട്ടർമാരിൽ ഏറിയ പങ്കും. യുഡിഎഫ് ഭരണ തുടർച്ചയാണ് ലക്ഷ്യമിടുന്പോൾ അട്ടിമറി വിജയമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. പുതുക്കിയ നിലപ്രകാരം പഞ്ചായത്തിൽ ഒരു വാർഡ് കൂടി ആകെ വാർഡുകളുടെ എണ്ണം 15 ആയിട്ടുണ്ട്.
നേട്ടങ്ങൾ
മിനി ഷൈബി (പ്രസിഡന്റ്)
2020-25 കാലയളവിലെ ആദ്യ പകുതിയിൽ ടെസി ഇമ്മാനുവൽ പ്രസിഡന്റായി ചുമതലയേറ്റ ഭരണ സമിതി അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമാക്കിയത്. വീട്, കിണർ, ശുചിമുറി എന്നിവയില്ലാത്ത കുടുംബങ്ങൾക്ക് അവ നിർമിക്കാൻ നടപടിയെടുത്തു.
ചെമ്പേരി ടൗൺ സൗന്ദര്യവത്കരണത്തിന് തുടക്കം കുറിക്കുകയും രണ്ടാം പകുതിയിൽ 90 ലക്ഷം രൂപയുടെ എംഎൽഎ ഫണ്ടിൽ പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി.
പൂപ്പറമ്പിൽ വാതകശ്മശാനം പൂർത്തിയാക്കി, നെല്ലിക്കുറ്റിയിൽ നീന്തൽക്കുളം നവീകരിച്ചു.
സുമനസുകളുടെ സഹായത്തോടെ ദാനമായി ലഭിച്ച സ്ഥലത്ത് ഭൂരഹിതർക്കുള്ള വീട് നിർമാണം സാധ്യമാക്കി.
രണ്ടാം പകുതിയിൽ മിനി ഷൈബി പ്രസിഡന്റായി ചുമതലയേറ്റ ഭരണസമിതി പഞ്ചായത്ത് വക സ്ഥലത്ത് ഭൂമിയും വീടുമില്ലാത്ത ഏഴ് പട്ടികവർഗ കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമാണം പൂർത്തിയാക്കി.
എംപി ഫണ്ട് മുഖേന സാംസ്കാരിക നിലയം, ചുറ്റുമതിൽ, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയും പഞ്ചായത്ത് ഫണ്ടിൽ കുടിവെള്ള പദ്ധതിയും നടപ്പാക്കി.
വന്യമൃഗ ശല്യം തടയാൻ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ ചേർത്ത് 5.6 കിലോമീറ്റർ ദൂരം സൗരോർജവേലി പൂർത്തിയാക്കി.
വിവിധ വാർഡുകളിലായി എട്ട് കിലോമീറ്റർ ദൂരം ലൈൻ വലിച്ച് വഴിവിളക്കുകൾ സ്ഥാപിച്ചു.
ഏരുവേശി പിഎച്ച്സിയിൽ സായാഹ്ന ഒപി തുടങ്ങി.
42 ലക്ഷം രൂപ ചെലവഴിച്ച് കേരഗ്രാമം പദ്ധതി മുഖേന 1500 കർഷകർക്ക് ഉത്പാദനോപാധികൾ വിതരണം ചെയ്തു.
കോട്ടങ്ങൾ
എം.ഡി. രാധാമണി(പ്രതിപക്ഷം-സിപിഎം)
ടൂറിസത്തിന് പ്രാധാന്യമുള്ള മേഖലയായിട്ടും സാധ്യതകൾ ഉപയോഗപ്പെടുത്തിയില്ല, ഒരു ടൂറിസം നയം പോലും പ്രഖ്യാപിച്ചില്ല.
അടിസ്ഥാന വികസന കാര്യങ്ങളിൽ പുരോഗതിയില്ല, ഗ്രാമീണ റോഡുകൾ തകർന്നു കിടക്കുന്നു.
കാർഷിക പഞ്ചായത്തായിട്ടും ഈ മേഖലയിൽ ആവശ്യമായ ഫണ്ട് വകയിരുത്തിയില്ല.
പിഞ്ചു കുഞ്ഞുങ്ങളെത്തുന്ന പല അങ്കണവാടികളും തകർന്നു വീഴാറായ അവസ്ഥയിലാണ്. പലതും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
ആവശ്യത്തിന് തെരുവുവിളക്കുകൾ സ്ഥാപിച്ചില്ല, കേടായത് മാറ്റി സ്ഥാപിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തില്ല.
ഉന്നതികളിൽ സ്ഥാപിച്ച പല വായനശാലകളും മാലിന്യം തള്ളുന്ന കേന്ദ്രങ്ങളായി മാറി.
താത്കാലിക ജീവനക്കാരുടെ നിയമനങ്ങൾ നടത്തിയതിനു പിന്നിൽ ലക്ഷങ്ങൾ കോഴ ഇടപാടുകൾ.
പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ ബസുകൾ കയറ്റാൻ നടപടിയെടുത്തില്ല.
സൗന്ദര്യവത്കരണം പ്രഖ്യാപനത്തിലൊതുക്കി, ചെമ്പേരി ടൗണും ബസ്സ്റ്റാൻഡും മാർക്കറ്റും ശോചനീയാവസ്ഥയിൽ തുടരുന്നു.
ഹരിതകർമ സേനയുടെ പ്രവർത്തനം പേരിന് മാത്രം. തൊഴിലുറപ്പ് പദ്ധതി പരാജയം.
Tags : nattuvisheasham local