പാമ്പാടി ആലാമ്പള്ളിക്കവലയിലെ ഗതാഗതക്കുരുക്ക്.
പാമ്പാടി: കോട്ടയം-കുമളി ദേശീയപാതയിലേക്ക് കറുകച്ചാല്‍ റോഡ് ചേരുന്ന ആലാമ്പള്ളിക്കവലയില്‍ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനങ്ങള്‍. ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം കൃത്യതയില്ലാത്തതാണ് മുഖ്യപ്രശ്നമെന്നാണ് ഉയരുന്ന് പ്രധാന ആക്ഷേപം. ഗവ. എച്ച്എസ്എസ്, കെജി കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചേരുന്ന രോഗികള്‍ എന്നു തുടങ്ങി എപ്പോഴും യാത്രക്കാരുടെ തിരക്കനുഭവപ്പെടുന്ന സ്ഥലമായ ഇവിടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ബസുകള്‍ നിര്‍ത്തുന്നത് ഒരേ പോലെയാണ്. ഇതോടെ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെ വരുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
ബസ് സ്റ്റോപ്പുകള്‍ ഒരേ സ്ഥലത്തുള്ളത് മാറ്റി പുനഃക്രമീകരിച്ചാല്‍ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും. പലപ്പോഴും ആംബുലന്‍സുകള്‍ ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍പ്പെടുന്നത് പതിവാണ്. കോട്ടയത്തുനിന്ന് കുമളിക്കും തിരിച്ച് കോട്ടയത്തേക്കും കറുകച്ചാല്‍, മീനടം-പാമ്പാടി മേഖലകളിലേക്കുമുള്ള ബസുകള്‍ ഒരുമിച്ചെത്തുമ്പോള്‍ ഗതാഗതക്കുരുക്ക് അതി രൂക്ഷമാകുന്നു.
ദേശീയ പാതയില്‍നിന്ന് കറുകച്ചാല്‍ റോഡിലേക്ക് വാഹനങ്ങള്‍ പെട്ടെന്ന് തിരിയുന്നത് പലപ്പോഴും അപകടത്തിന് കാരണമാകുന്നുണ്ട്.
ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ അമിതവേഗതയിലാണ് എത്തുന്നത്. കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലെ വളവുകള്‍ കടന്നെത്തുമ്പോഴാണ് ആലാമ്പള്ളി കവല. പെട്ടെന്ന് വേഗ നിയന്ത്രണവും ഇവിടെ അസാധ്യമാണ്.
അപകടം ഉണ്ടായതിനു ശേഷം പരിഹാരം ഉണ്ടാക്കുന്നതിനു പകരം സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചോ ബസ് സ്റ്റോപുകളില്‍ മാറ്റം വരുത്തിയോ, വളവുകള്‍ക്ക് മുമ്പേ മിനി ഹംപുകള്‍ സ്ഥാപിച്ചോ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് അധികൃതര്‍ പരിഹാരം കാണണമെന്ന ആവശ്യമാണ് വ്യാപാരികളും യാത്രക്കാരും നാട്ടുകാരും ഒരേ സ്വരത്തില്‍ പറയുന്നത്.
Tags : Local News Nattuvishesham Kottayam