കിഴക്കഞ്ചേരി കോട്ടെക്കുളം പൂതനക്കയത്ത് റബർ വെട്ടിമാറ്റി കവുങ്ങ്, ചെറുനാരകം കൃഷിചെയ്യുന്ന കർഷകനായ മുല്ലമംഗലം ബേബി.
വടക്കഞ്ചേരി: വന്യമൃഗശല്യവും റബർവിലയിലെ അനിശ്ചിതത്വവുംമൂലം പരമ്പരാഗത വിളകൾ ഉപേക്ഷിച്ച് പുതുകൃഷികളിൽ പരീക്ഷണം നടത്തുകയാണ് മലയോരമേഖലയിലെ കർഷകർ. ചെറുനാരകം, ഡ്രാഗൺ ഫ്രൂട്ട്, റമ്പൂട്ടാൻ, കവുങ്ങ്, കുരുമുളക്, കശുമാവ്, മഞ്ഞൾ തുടങ്ങിയ കൃഷികൾക്കാണ് മുൻഗണന നൽകുന്നത്. റബർ നിന്നിരുന്ന സ്ഥലത്ത് റീപ്ലാന്റ് ചെയ്യാതെയാണ് കൃഷി പരീക്ഷണങ്ങളിലേക്ക് കർഷകർ തിരിയുന്നത്.
കിഴക്കഞ്ചേരി കോട്ടക്കുളം പൂതനക്കയത്ത് മുല്ലമംഗലം ബേബി എന്ന കർഷകൻ റബർ മരങ്ങൾ മുറിച്ചുമാറ്റി മൂന്ന് ഏക്കറിൽ ഇടവിളയായി ചെറുനാരക കൃഷിയാണ് ചെയ്തിട്ടുള്ളത്. ആന്ധ്രയിൽ നിന്നും ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 300 ബഡ്നാരകതൈകൾ എത്തിച്ചാണ് ഇടവിളയായി കൃഷി ചെയ്തിട്ടുള്ളത്.
മുഖ്യവിളയായി കവുങ്ങ് തൈകളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഒപ്പം വാഴയും കുരുമുളകുമുണ്ട്. ഇവിടെ അടുത്ത് തന്നെ സിബി എന്ന കർഷകൻ ഒമ്പത് ഏക്കറിലാണ് റന്പൂട്ടാൻ, കശുമാവ് തുടങ്ങിയ കൃഷികൾ ആരംഭിച്ചിട്ടുള്ളത്. റബറിനെ ഒഴിവാക്കി പൂർണമായും കുരുമുളക് കൃഷിയിലേക്ക് തിരിയുന്ന കർഷകരും കുറവല്ല. വിലസ്ഥിരതയില്ലാത്തതും ടാപ്പിംഗിന് ആളെ കിട്ടാനില്ലാത്തതും കർഷകർക്ക് റബർ അപ്രിയമാകാൻ കാരണമാവുകയാണ്.
ചെറുനാരകകൃഷിയാണ് മലയോരത്തെ പുതിയ അതിഥിയെന്ന് മുല്ലമംഗലം ബേബി പറഞ്ഞു. മറ്റാരും തന്നെ പ്രദേശത്ത് ഈ കൃഷി ആരംഭിച്ചിട്ടില്ല. തൈകൾ വളർന്നുവരുന്നതേയുള്ളു. കാട്ടുമൃഗങ്ങളൊന്നും ഇതിന് ശല്യം ചെയ്യില്ലെന്ന കണക്കുകൂട്ടലിലാണ് പുതിയ പരീക്ഷണത്തിന് ബേബി തുനിഞ്ഞിട്ടുള്ളത്. അച്ചാറിനു പുറമെ വേനലിൽ പാനീയങ്ങൾക്കായി ചെറുനാരങ്ങക്ക് വിപണിയിൽ ഡിമാന്റുണ്ടാകുമെന്നാണ് ഈ കർഷകന്റെ കണക്കുകൂട്ടൽ.
വന്യമൃഗങ്ങളുടെ ശല്യമില്ലാത്ത ഡ്രാഗൺ ഫ്രൂട്ട് കൃഷിയും പരീക്ഷണവിളയായി കർഷകർ തെരഞ്ഞെടുക്കുന്നുണ്ട്. കുറഞ്ഞ മണ്ണും വെള്ളവും മതി എന്നതാണ് ഈ വിദേശപഴത്തോട് പ്രിയം കൂടാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. വലിയ പരിചരണവും ആവശ്യമില്ല. പാറപ്പുറങ്ങളും ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് അനുയോജ്യമായതിനാൽ തോട്ടങ്ങളിലെ പാഴ് സ്ഥലങ്ങൾ പ്രയോജനപ്പെടുത്താനും കർഷകർക്ക് കഴിയും.
മുള്ളുകളുള്ള തണ്ടുകളായതിനാൽ കുരങ്ങ്, വാവൽ തുടങ്ങിയവയും അടുക്കില്ല. കിളിക്കൂട്ടങ്ങളാണ് ഇതിന്റെ ശല്യക്കാർ. കശുമാവിനും വാവൽ, കുരങ്ങ് പട, മലയണ്ണാൻ എന്നിവയുടെ ശല്യമുണ്ട്. ആനക്കൊപ്പം പന്നിക്കൂട്ടങ്ങൾ തന്നെയാണ് കൃഷികൾക്ക് ഏറെ ഭീഷണി ഉയത്തുന്നത്. വന്യമൃഗ ആക്രമണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പല പഞ്ചായത്തിലും വനംവകുപ്പിന്റെ നേതൃത്വത്തിൽ പന്നിപിടിത്തം നടക്കുന്നുണ്ടെങ്കിലും പെറ്റുപെരുകിയിട്ടുള്ള പന്നികളെ ഇല്ലായ്മ ചെയ്യാൻ പദ്ധതികൊണ്ടൊന്നും കഴിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
കിഴങ്ങുവർഗങ്ങളൊന്നും കൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ്. ഇതുമൂലം നാടൻ കിഴങ്ങ് വർഗങ്ങൾക്കും നേന്ത്രക്കായ, ചെറുകായ്കൾ തുടങ്ങിയവക്കും വിലയും കൂടി. നാടൻ ഇനങ്ങൾക്ക് വിപണിയിലും ക്ഷാമമാണ്. നല്ല നാടൻ ഇഞ്ചി പോലും കിട്ടാനില്ലാതായി.
റബർ കൃഷിക്കൊപ്പം മറ്റുവിളകൾക്കും സ്ഥാനം നൽകി സമ്മിശ്ര കൃഷിയിലേക്ക് തിരിയുകയാണ് കൃഷി കുറച്ചെങ്കിലും ലാഭകരമാകാൻ സഹായകമെന്ന വിലയിരുത്തലുമുണ്ട്.