ആനപ്പേടിയിൽ ഓടംതോട് ചടച്ചിക്കുന്നിൽ താമസമില്ലാതെ അനാഥമായ ചെങ്ങനാനിക്കൽ തോമസിന്റെ വീട്.
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ആന ഉൾപ്പെടെയുള്ള വന്യമൃഗഭീഷണിയിൽ മലയോരങ്ങൾ ആളൊഴിഞ്ഞ പ്രദേശങ്ങളായി. നാലഞ്ചുവർഷം മുമ്പുവരെ വിളകൾ നിറഞ്ഞുനിന്നിരുന്ന മലയോരത്തെ കാഴ്ച ഇപ്പോൾ ഹൃദയഭേദകമാണ്. എല്ലാം ഉണങ്ങിനശിച്ച് കോലംകെട്ട മട്ടിലാണ് കൃഷിയിടങ്ങൾ. കർഷകരുടെ രോഷപ്രകടനങ്ങളാണ് പലയിടത്തും. ആൾപ്പാർപ്പില്ലാതെ തകരുന്ന വീടുകളും മൂകതയുമാണ് എവിടെയും ദൃശ്യമാകുന്നത്.
കാട്ടുമൃഗങ്ങളിൽനിന്നു ജീവന്റെ സുരക്ഷ തേടി മറ്റു സ്ഥലങ്ങളിലേക്ക് താമസംമാറുകയാണ് നാടിനെ തീറ്റിപ്പോറ്റിയിരുന്ന കർഷകരെല്ലാം. പതിറ്റാണ്ടുകളേറെ അധ്വാനിച്ചുണ്ടാക്കിയതെല്ലാം നഷ്ടപ്പെടുത്തി ജീവിതമാർഗമില്ലാതെ ദുരിതക്കയങ്ങളിലേക്കു നീങ്ങുമ്പോഴും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുന്നു. സഹായങ്ങൾ വേണ്ട, ഉപദ്രവിക്കാതിരുന്നാൽ മതിയെന്നാണ് കർഷകരുടെ ആത്മഗതം.
കാട്ടുമൃഗങ്ങളെ കാട്ടിൽതന്നെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കാതെ കർഷകരെയും അവരുടെ വിളകളും നശിപ്പിക്കാൻ വന്യമൃഗങ്ങൾക്കു വഴിയൊരുക്കുകയാണ് വനംവകുപ്പും. മേഖലയിൽ കിഴക്കഞ്ചേരി പഞ്ചായത്തിലാണ് മൃഗശല്യം അതിരൂക്ഷമായിട്ടുള്ളത്. പനങ്കുറ്റി, കരടിയള, പോത്തുചാടി, ഓടംതോട്, ചടച്ചിക്കുന്ന്, ചൂരുപ്പാറ, മണ്ണെണ്ണ ക്കയം, വിആർടി തുടങ്ങി മലയോരമേഖല പൂർണമായും വന്യമൃഗങ്ങളുടെ താവളങ്ങളായി മാറി. ആന, പുലി, കടുവ, പന്നി, മാൻ, മയിൽ, കുരങ്ങ്, മലയണ്ണാൻ, മുള്ളൻപന്നി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളെല്ലാം കൃഷിയിടങ്ങളിലും കർഷകരുടെ വീടുകൾക്കു ചുറ്റുമാണ്.
മുമ്പൊന്നും ഇല്ലാത്തവിധം കുരങ്ങുകൂട്ടങ്ങളാണ് കർഷകർക്ക് മറ്റൊരു വലിയ ഭീഷണിയായി മാറുന്നത്. അമ്പതും നൂറും എണ്ണംവരുന്ന കൂട്ടങ്ങളാണ് കൃഷിയിടത്തിലെത്തി എല്ലാം നശിപ്പിക്കുന്നത്. ഇതിനാൽ മലയോരപ്രദേശങ്ങളിൽ തരിശിടുന്ന ഭൂമിയുടെ വിസ്തൃതി ഓരോ വർഷവും വർധിച്ചു. ആനയെ പേടിച്ച് വീടുകളിൽ താമസക്കാരില്ല. പരിചരണമില്ലാതെ വനാതിർത്തികളോടു ചേർന്നുകിടക്കുന്ന ഏക്കർകണക്കിന് വരുന്ന തോട്ടങ്ങളുമുണ്ട്. ഏതു കൃഷി ചെയ്താലും അതെല്ലാം കാട്ടുമൃഗങ്ങൾ ഇറങ്ങി നശിപ്പിക്കും. ഇനി എന്തുചെയ്യുമെന്ന സങ്കടങ്ങൾ കർഷകർ പങ്കുവയ്ക്കുന്നു. പട്ടിണി മാറ്റാൻ സ്വന്തം നാട് ഉപേക്ഷിച്ച് മണ്ണിൽ അധ്വാനിച്ച് നാടിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയ കർഷകർ ഇന്നു ജീവിതമാർഗമില്ലാതെ മലയിറങ്ങുന്ന സ്ഥിതിയായി.
ചൂരുപ്പാറയിൽ
മംഗലംഡാമിന്റെ മലയോര മേഖലയായ ചൂരുപ്പാറ, മണ്ണെണ്ണക്കയം പ്രദേശത്ത് ഇപ്പോൾ താമസമുള്ള വീടുകൾ വിരലിലെണ്ണാവുന്നവയായി കുറഞ്ഞെന്ന് അരനൂറ്റാണ്ടുകാലം ചൂരുപ്പാറയിലെ താമസക്കാരനായ ചിറയത്ത് ജോസ് പറഞ്ഞു.
അറുപതിലേറെ കുടുംബങ്ങൾ ഉണ്ടായിരുന്നത് 15 ൽ താഴെയായി. ആനയെ പേടിച്ച് എല്ലാവരുംതന്നെ താമസം മാറി. കൃഷിയിടത്തിനു ചുറ്റും സ്വന്തമായി ഫെൻസിംഗ് ചെയ്യാൻ സാമ്പത്തികശേഷി ഉള്ളവർക്കുമാത്രമാണ് പിടിച്ചുനിൽക്കാനാകുക. പകൽസമയം കർഷകർ കൃഷിയിടത്തിൽ എത്തി തിരിച്ചു പോകും. കഴിഞ്ഞദിവസവും മണ്ണെണ്ണക്കയത്ത് ആനക്കൂട്ടമെത്തി എല്ലാം നശിപ്പിച്ചു. വെളിച്ചം, റോഡ് എന്നിവ ഇവിടെ പരിമിതമാണ്. രണ്ടും മൂന്നും ചായക്കടകളും പലചരക്കുകടകളും ഉണ്ടായിരുന്ന ചൂരുപ്പാറ സെന്ററിൽ ഇപ്പോൾ ഒന്നുമില്ല. വഴി ചോദിക്കാൻപോലും വഴികളിൽ ആളില്ല. 2007, 2018, 2019 എന്നീ വർഷങ്ങളിലെ അതിവർഷവും പ്രകൃതിക്ഷോഭവും മലയോവാസികളെ പേടിപ്പിച്ചിരുന്നു.
ഓടംതോട്ടിൽ
ഓടംതോടിന്റെ പഴയ പ്രതാപവും ഇന്നില്ല. യാത്രക്കാർ തിങ്ങിനിറഞ്ഞ് ഓടിയിരുന്ന ബസിൽ യാത്രക്കാരില്ലാതായി. കടകളോ വലിയ ആൾക്കൂട്ടമോ ദൃശ്യമല്ല. പരാതി പറയാൻപോലും ആളില്ല. എല്ലാം നഷ്ടപ്പെടുന്നതിന്റെ വേദനയാണ് കർഷകർക്കുള്ളത്. മറ്റു മൃഗങ്ങൾപോലെ പുലിയും പെരുകുകയാണ്. ഇപ്പോൾ കടുവ കൂടിയായപ്പോൾ പുറത്തിറങ്ങാൻ ഭയക്കുന്ന സാഹചര്യമായി.
കടുവയെ കുടുക്കാൻ കെണിക്കൂട് സ്ഥാപിച്ചിട്ടുളള ചടച്ചിക്കുന്നിലെ താമസക്കാരനായിരുന്ന ചെങ്ങനാനിക്കൽ തോമസും കുടുംബവും ആനയെ പേടിച്ചാണ് വീടും കൃഷിയിടവും വിട്ടു പോയത്. സ്ഥലം വനംവകുപ്പിനു നൽകാൻ അപേക്ഷ നൽകി കാലമേറെയായിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഫണ്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നതെന്ന് തോമസ് പറഞ്ഞു.
എത്ര ഏക്കർ ഭൂമിയുണ്ടെങ്കിലും 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. തോമസിന്റെ വീടുപോലെ പ്രദേശത്ത് വേറെയും നിരവധി ആളൊഴിഞ്ഞ വീടുകളുണ്ട്.
പനംകുറ്റിയിൽ
പനംകുറ്റി, കരടിയള ഭാഗത്തും സമാനസ്ഥിതിയാണ്. ആനയെ പേടിച്ചാണ് ഈ പലായനം. ഇന്നലെയും പനംകുറ്റിയിൽ ആനയെത്തി. പതിവുപോലെ ചെറുനിലം ജോണിയുടെ കൃഷിയിടത്തിലെ വിളകൾ തന്നെയാണ് കൂടുതലും നശിപ്പിച്ചത്. 75 പിന്നിട്ട ജോണിയുടെ കൃഷിയിടത്തിൽ ആനകൾ എത്ര തവണയെത്തി എന്നതിനു പോലും കണക്കില്ല.
ശേഷിച്ച വിളകൾകൂടി നശിപ്പിക്കാനാണ് ആനകളെത്തുന്നതെന്ന് ബന്ധുവായ ചെറുനിലം ബിജു പറഞ്ഞു. ആനയെ പേടിച്ചാണ് ബിജുവും കുടുംബവും കൃഷിയിടത്തിലെ താമസം മാറ്റി താഴെയാക്കിയത്.
ആറു വർഷം പ്രായമായ 120 തെങ്ങുകൾ ആനകൾ നശിപ്പിച്ചതിന്റെ സങ്കടകഥ വലിയപറമ്പിൽ ബിജുവിനും പറയാനുണ്ട്.
Tags : Wild animals nattuvishesham local news