ഗോപാലകൃഷ്ണനെ ഇടിച്ചുതെറിപ്പിച്ച ശേഷം പാഞ്ഞുപോകുന്ന കാട്ടുപന്നിയുടെ സിസിടിവി ദൃശ്യം.
മാവേലിക്കര: തെക്കേക്കര പഞ്ചായത്തിൽ കുറത്തികാട് വാർഡിൽ കാട്ടുപന്നി ആക്രമണം. വാർഡിലെ കുന്നിൽ ഭാഗത്താണ് ആക്രമണം ഉണ്ടായത്. പഞ്ചായത്ത് ഓഫീസ് വാർഡിൽ താമസിച്ചുവരുന്ന പൊന്മാത്ത് ഉഷസിൽ എൻ.പി. ഗോപാലകൃഷ്ണൻ (61) ആണ് ആക്രമണത്തിനിരയായത്.
ഞായറാഴ്ച പുലർച്ചെ ആറരയ്ക്കാണ് സംഭവം. കുന്നിൽ ഭാഗത്ത് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്ത് സൈക്കിളിൽ പോയി മടങ്ങുംവഴി പാഞ്ഞെത്തിയ പന്നി സൈക്കിൾ ഇടിച്ച് തെറിപ്പിച്ച് ഓടിപ്പോവുകയായിരുന്നു. സൈക്കിൾ പൂർണമായി തകർന്നു. നിസാര പരിക്കേറ്റ ഗോപാലകൃഷ്ണൻ മരണത്തിൽനിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ്. കപ്പ ഉൾപ്പെടെയുള്ള കൃഷികൾ പന്നി നശിപ്പിച്ചതായി ഗോപാലകൃഷ്ണൻ പറഞ്ഞു.
കുന്നിൽ ഭാഗത്ത് കാട്ടുപന്നി സാന്നിധ്യം ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. മുമ്പും പലയിടത്തും കൃഷി നാശം ഉണ്ടായിട്ടുണ്ട്. തെക്കേക്കര പഞ്ചായത്തിന്റെ പലഭാഗങ്ങളിലും കാട്ടുപന്നി ശല്യമുണ്ടെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമായാണ്.
Tags : Wild boar nattuvishasham local news