വനംവകുപ്പ് ഉദ്യോഗസ്ഥർ ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളിയിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നു.
ചെറുപുഴ: പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ വകുപ്പ് മന്ത്രിക്കും ജില്ലാ ഫോറസ്റ്റ് ഓഫീസർക്കും വന്യമൃഗ ശല്യം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിലെത്തി അധികൃതരുമായി ചർച്ച നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരിയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നിവേദനം നൽകിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പരിശീലനം ലഭിച്ച ജീവനക്കാരെ നിയമിക്കണമെന്നും പട്രോളിംഗിനായി പുളിങ്ങോം ഫോറസ്റ്റ് ഓഫീസിൽ സ്ഥിരം വാഹന സൗകര്യം ഏർപ്പെടുത്തണമെന്നും സോളാർവേലി നിർമിക്കുവാൻ ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മനോജ് വർഗീസ്, എം.കെ. ജിജേഷ്, മുഹമ്മദ് ഷാഫി, മനോജ് എന്നിവരാണ് ഇന്നലെ ചെറുപുഴ പഞ്ചായത്ത് ഓഫീസിലെത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഡി. പ്രവീൺ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.
ഡിപ്പാർട്ട്മെന്റ് പദ്ധതികൾ നടപ്പിലാക്കാൻ എന്തെങ്കിലും താമസം നേരിട്ടാൽ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് ജോസ്ഗിരിയിൽ 400 മീറ്റർ ദൂരത്തിൽ സോളാർ തൂക്കുവേലി നിർമിക്കുമെന്നും ഇതിനായി അടുത്ത ഡിപിസി യോഗത്തിൽ അപേക്ഷ സമർപ്പിക്കുമെന്നും വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി പറഞ്ഞു. ഇതു സംബന്ധിച്ചും പഞ്ചായത്ത് ഭരണ സമിതിയിൽ തീരുമാനമെടുത്തു.
Tags : Wildlife nattuvishesham lcoal news