ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയായ 178 വീടുകളുടെ ഗുണഭോക്താക്കളെ നറുക്കിട്ടെടുക്കുന്നതിന് മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്
കൽപ്പറ്റ: പുഞ്ചരിമട്ടം ഉരുൾപൊട്ടലിൽ കടകളും സംരംഭങ്ങളും നഷ്ടപ്പെട്ടവർക്ക് സർക്കാർ സഹായധനം നൽകുമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയായ 178 വീടുകളുടെ ഗുണഭോക്താക്കളെ നറുക്കിട്ടെടുക്കുന്നതിന് മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.നറുക്കെടുപ്പിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിൽ സർക്കാർ നിതാന്ത ജാഗ്രതയാണ് പുലർത്തിയത്. ഗുണഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ ലഭിച്ച വീടുകൾ വച്ചുമാറാൻ സാധിക്കില്ല.
ദുരന്തത്തിൽ വീടുകൾ പൂർണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ടൗണ്‍ഷിപ്പിൽ വീടുകൾ നൽകുന്നത്. ടൗണ്‍ഷിപ്പിൽ നിർമിക്കുന്ന 410 വീടുകൾക്കും ഡിജിറ്റൽ നന്പർ നൽകിയിട്ടുണ്ട്. ടൗണ്‍ഷിപ്പിൽ ഒന്നാം സോണിലെ 115 ഉം മൂന്നാം സോണിലെ 30 ഉം നാലാം സോണിലെ 33 ഉം വീടുകളാണ് നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കൾക്ക് ഉറപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.
മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിലായിരുന്നു നറുക്കെടുപ്പ്. ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ടൗണ്‍ഷിപ്പ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ ജെ.ഒ. അരുണ്‍, എഡിഎം കെ.എസ്. അനിൽകുമാർ, സബ് കളക്ടർ അതുൽ സാഗർ, നഗരസഭാ ചെയർപേഴ്സണ്‍ പി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ടൗണ്‍ഷിപ്പ് ഉദ്ഘാടനം: സംഘാടക സമിതി രൂപീകരിച്ചു
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൽപ്പറ്റയ്ക്കടുത്ത് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനത്തിന് സംഘാടക സമിതി രൂപീകരിച്ചു. 25ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗണ്‍ഷിപ്പ് ആദ്യഘട്ടം ഉദ്ഘാടനം നിർവഹിക്കുന്നത്. സമിതി രൂപീകരണത്തിന് മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു.
ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ടൗണ്‍ഷിപ്പ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ ജെ.ഒ. അരുണ്‍, എഡിഎം കെ.എസ്. അനിൽകുമാർ, സബ് കളക്ടർ അതുൽ സാഗർ, നഗരസഭാ ചെയർപേഴ്സണ്‍ പി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍ എസ്. സൗമ്യ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വാർഡ് അംഗം കെ.കെ. സഹദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.കെ. ശശീന്ദ്രൻ, എം.ടി. ഇബ്രാഹിം,
കെ. റഫീഖ്, പ്രശാന്ത് മലവയൽ, ഒ.കെ. മോഹൻദാസ്, കെ.ജെ. ദേവസ്യ, എൻ.പി. രജിത്, വി.പി. വർക്കി, സി.എം. ശിവരാമൻ, ഇ.ജെ. ബാബു, ഷാജി ചെറിയാൻ, പി.കെ. അനിൽകുമാർ, വി. നജീബ്, സഹദേവൻ, വി.എസ്. അനിൽകുമാർ, ടി.വി. ജയിംസ്, എൻ.ടി. മുജീബ്, എം. ബൈജു, ഗോപകുമാർ, രാമൻകുട്ടി, ബി. സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി മന്ത്രി ഒ.ആർ. കേളു(ചെയർമാൻ), ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, നഗരസഭ ചെയർപേഴ്സണ്‍ പി. വിശ്വനാഥൻ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡ് അംഗങ്ങൾ(വൈസ് ചെയർമാൻമാർ), ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ(കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു.
വത്സലയ്ക്ക് ആനന്ദക്കണ്ണീർ
കൽപ്പറ്റ: ടൗണ്‍ഷിപ്പിലെ ഒന്നാം സോണിൽ 76ാം നന്പർ വീട് ലഭിച്ച ലെനിൻ നിവാസിൽ വത്സലയ്ക്ക് ആനന്ദക്കണ്ണീർ. ദുരന്തത്തിൽ ഭർത്താവും മകനും നഷ്ടപ്പെട്ട സങ്കടം മനസിലൊതുക്കിയാണ് മകളോടൊപ്പം അവർ നറുക്കെടുപ്പിനെത്തിയത്.
ചൂരൽമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജീവനക്കാരിയായിരുന്നു വത്സല. എല്ലാം നഷ്ടപ്പെട്ട പലരും പുറത്തുണ്ട്. അവർക്കുള്ള വീടുകളും വേഗത്തിൽ പൂർത്തിയാക്കാൻ കഴിയട്ടെയെന്നു വത്സല പറഞ്ഞു.
അവന്തികയ്ക്ക് 22-ാം നമ്പർ വീട്
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ മാതാപിതാക്കളും സഹോദരങ്ങളും നഷ്ടപ്പെട്ട അവന്തിക പ്രശോഭിന് ടൗണ്‍ഷിപ്പിലെ ഒന്നാം സോണിൽ 22-ാം നന്പർ വീട് നറുക്കെടുപ്പിലൂടെ ലഭിച്ചു.
മുത്തച്ഛൻ കറുപ്പയ്യനും മുത്തശി ജ്യോതിമണിക്കും ഒപ്പമാണ് അവന്തിക നറുക്കെടുപ്പിന് എത്തിയത്. പരിയാരം സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അവന്തിക. നറുക്കെടുത്തശേഷം അവന്തിക ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയെ കണ്ടു. നന്നായി പഠിക്കണമെന്ന് കളക്ടർ അവന്തികയെ ഉപദേശിച്ചു. അവന്തിക പഠനത്തിൽ മിടുക്കിയാണെന്നും നൃത്തം അഭ്യസിക്കുന്നുണ്ടെന്നും കറുപ്പയ്യ പറഞ്ഞു.
Tags : Local News Nattuvishesham Wayanad