ജിജേഷ് ചാവശേരി
മട്ടന്നൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനെയും കെ.കെ. ശൈലജയെയും നിയമസഭയിൽ എത്തിച്ച മട്ടന്നൂരിൽ നിന്ന് ഇത്തവണ നിയമസഭയിൽ എത്തുന്നത് ആരായിരിക്കും. സ്ഥാനാർഥി നിർണയത്തിൽ മുന്നണികൾ തീരുമാനം എടുത്തിട്ടില്ലെങ്കിലും ചർച്ചകൾ സജീവമാണ്. മട്ടന്നൂർ നഗരസഭ, കൂടാളി, കീഴല്ലൂർ, പടിയൂർ, തില്ലങ്കേരി, മാലൂർ, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട് പഞ്ചായത്തുകൾ അടങ്ങുന്ന നിയമസഭാ മണ്ഡലം ഇടതിന് പൊതുവേ സുരക്ഷിതമാണ്. ഇവിടെയെല്ലാം ഭരണം എൽഡിഎഫിനാണ്.
2011 ൽ പുതുതായി നിലവിൽ വന്ന മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ ആദ്യ തെരഞ്ഞെടുപ്പിൽ കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജനാണ് വിജയിച്ചത്. ഇ.പി. ജയരാജൻ രണ്ടുതവണയും കെ.കെ.ശൈലജ ഒരു തവണയും എംഎൽഎയായ മണ്ഡലമാണ് മട്ടന്നൂർ. ഇടതുപക്ഷത്തുനിന്ന് നിലവിലെ സിറ്റിംഗ് എംഎൽഎയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ, ശൈലജ പേരാവൂരിലേക്ക് മാറിയാൽ മട്ടന്നൂർ മണ്ഡലത്തിലെ മാലൂർ സ്വദേശിയും നിലവിലെ യുവജന കമ്മീഷൻ ചെയർമാനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ വി.കെ. സനോജ് എന്നിവരുടെ പേരുകളുമാണ് സജീവമായിരിക്കുന്നത്.
യുഡിഎഫിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ്, ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഒരു തവണ മട്ടന്നൂർ മണ്ഡലത്തിൽ എംഎൽഎയായ കെ.കെ. ശൈലജ രണ്ടാം തവണയും ഇടതു സ്ഥാനാർഥിയാകുമെന്നാണ് ചില കേന്ദ്രങ്ങൾ നൽകുന്ന സൂചന. ബിജെപി സ്ഥാനാർഥിയായി ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി തന്നെ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. മണ്ഡലത്തിൽ താമസിക്കുന്നയാൾ തന്നെയായതിനാലാണ് പരിഗണനയിലുള്ളത്.
യുഡിഎഫ് കഴിഞ്ഞതവണ ആർഎസ്പിക്കാണ് സീറ്റ് നൽകിയത്. ഇല്ലിക്കൽ ആഗസ്തിയായിരുന്നു സ്ഥാനാർഥി. ആർഎസ്പി ഇത്തവണ മട്ടന്നൂരിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതോടെ കോൺഗ്രസ് സീറ്റ് ഏറ്റെടുത്ത് മത്സരിക്കാനുള്ള തയാറെടുപ്പിലാണ്.
തദ്ദേശത്തിൽ എൽഡിഎഫിന്
മികച്ച ഭൂരിപക്ഷം
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് മട്ടന്നൂർ. തെരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂർ നഗരസഭ ഒഴികെയുള്ള പഞ്ചായത്തിലെ ഭൂരിപക്ഷം 16000 ത്തോളമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള നിയമസഭയിലെ റിക്കാർഡ് ഭൂരിപക്ഷമായ 60,963 വോട്ടിന്റെ ലീഡ് സ്വന്തമാക്കിയാണ് കെ.കെ. ശൈലജ വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോളയാട്, കൂടാളി, പടിയൂർ പഞ്ചായത്തുകളിലെ ഭരണംപിടിക്കാനായില്ലെങ്കിലും പഞ്ചായത്തുകളിൽ സീറ്റുകൾ വർധിപ്പിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാൽ, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 3034 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫിന് ലഭിച്ചത്.
2021 ലെ നിയമസഭ (സ്ഥാനാർഥി,
മുന്നണി, കിട്ടിയ വോട്ട്)
കെ.കെ. ശൈലജ (എൽഡിഎഫ്)- 96,129
ഇല്ലിക്കൽ അഗസ്തി (യുഡിഎഫ്)-35,166
ബിജു ഏളക്കുഴി (എൻഡിഎ) 18223
വിജയി: കെ.കെ.ശൈലജ, ഭൂരിപക്ഷം-60,963.
Tags : Will the other hundred die? nattuvishesham local news