കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിട ഭാഗം തകര്‍ന്നു വീണ് നാലു തൊഴിലാളികള്‍ മരണമടഞ്ഞ സംഭവത്തില്‍ അനുശോചിച്ച് വ്യാപാരികള്‍ നടത്തിയ ഹര്‍ത്താലില്‍ വലിയങ്ങാടി ഇന്നലെ നിശ്ചലമായി. ചരക്കുനീക്കം പാടെ നിലച്ചു.
കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. വലിയങ്ങാടിയിലെ ഹാര്‍ഡ് വെയര്‍ മേഖലയും ഫുഡ് ഗ്രെയിന്‍സ് മര്‍ച്ചന്റ്സ് അസോസിയേഷനുമാണ് ഹര്‍ത്താല്‍ ആചരിച്ചത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഫുഡ് ഗ്രെയിന്‍സ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനയോഗം ചേരുകയും ചെയ്തു.
അസോസിയേഷന് പ്രസിഡന്റ് പി.എം. ബഷീര്‍ അഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ പ്രസിഡന്റുമാരായ വിജയ് സിംഗ്, പി.സി. വാവു, എ.ശ്യാം സുന്ദര്‍ ഏറാടി, വൈസ് പ്രസിഡന്റ് എന്‍.കെ. അഷ്റഫ്, സെക്രട്ടറി ഇ.ടി.അയ്യൂബ്, ജോയിന്റ് സെക്രട്ടറി പി. നന്ദകുമാര്‍, പി.വി. ആറ്റക്കോയ തുടങ്ങിവര്‍ സംസാരിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തക്കതായ സാമ്പത്തിക പ്രതിഫലം നല്കാന് അധികൃതര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് മേയറെ നേരില്‍ കണ്ട് നിവേദനം നല്‍കാനും തീരുമാനിച്ചു.