മഹിളാ അസോസിയേഷൻ ചിറ്റൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസമരം ഏരിയ സെക്രട്ടറി സുജാത ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റൂർ: നഗര പരിധിയിലുള്ളവർക്കു സ്ത്രീ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിൽ വരുത്തിയ കാലതാമസത്തിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ ചിറ്റൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്കു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പ്രതിഷേധക്കാരെ നഗരസഭയ്ക്കു മുൻവശത്ത് പോലീസ് തടഞ്ഞു. സംഘടനാ ചിറ്റൂർ ഏരിയ സെക്രട്ടറി സുജാത പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കെ. ഷീജ അധ്യക്ഷത വഹിച്ചു.
ജ്യോതി, കൗൺസിലർ മാരായ ആതിര, ഹരിത,ദിൻഷ, തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭയിൽ സ്ത്രീ സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചതായി സെക്രട്ടറി അറിയിച്ചു.
നഗരസഭയിൽ ലഭിച്ച അപേക്ഷകളിൽ സാധുവായ 1799 അപേക്ഷകൾ അംഗീകരിച്ചാണ് വിതരണം ആരംഭിച്ചിട്ടുള്ളതെന്നും സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ഇനിയും അക്കൗണ്ടിലേക്ക് പണമെത്തിത്തുടങ്ങിയിട്ടില്ലെന്നു പ്രതിഷേധക്കാർ പറഞ്ഞു.
ബ്ലോക്കിനു കീഴിലെ മറ്റു പഞ്ചായത്തുകളിൽ സ്ത്രീ സുരക്ഷാപെൻഷൻ ലഭിച്ചു തുടങ്ങിയിട്ടും നഗരസഭാ പരിധിയിലുള്ളവർക്ക് മാത്രം ലഭിക്കാതിരിക്കുന്നത് ഭരണസമിതിയുടെ വീഴ്ചയാണെന്നാരോപിച്ച് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചിരുന്നു. ജനുവരിയിൽ ലഭിച്ച അപേക്ഷയിൻമേൽ ഇത്രയധികം കാലതാമസം വരുത്തിയ നടപടി അംഗീകരിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. സെക്രട്ടറി ചാർജ് മാറിയതിനെ തുടർന്ന് ലോഗിൻ മാറ്റം വരുത്തുന്നതിലുണ്ടായ സാങ്കേതിക തടസമാണ് അപേക്ഷകൾ അംഗീകരിക്കുന്നതിൽ കാലതാമസം വരുത്തിയതെന്നായിരുന്നു നഗരസഭാ അധികൃതരുടെ വിശദീകരണം.