പയ്യാവൂർ: രാജ്യത്ത് ആദ്യമായി വീട്ടമ്മമാർക്ക് പെൻഷൻ അനുവദിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി സ്ത്രീകളോടുള്ള കേരള സർക്കാരിന്റെ കരുതലാണെന്ന് കേരള വനിതാ കോൺഗ്രസ്-എം. സ്ത്രീകൾക്ക് വേതനമില്ലാത്ത അവരുടെ വീട്ടുജോലിയും പരിചരണ സേവനങ്ങളും പരിഗണിച്ച് പ്രതിമാസം ആയിരം രൂപ നിരുപാധിക സഹായം നൽകുന്ന സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി സർക്കാരിന്റെ മികച്ച പ്രവർത്തനത്തിന്റെ ഉത്തമ ഉദാഹരണമാണ്.
35 മുതൽ 60 വയസുവരെ പ്രായമുള്ളവരും നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തവരുമായ എഎവൈ, പിഎച്ച്എച്ച് വിഭാഗത്തിൽപ്പെട്ട സംസ്ഥാനത്തെ 31.34 ലക്ഷം സ്ത്രീകൾക്ക് സ്ത്രീ സുരക്ഷാ പെൻഷൻ ലഭിക്കുന്നത് ഏറെ സന്തോഷകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ഈ പദ്ധതി നടപ്പാക്കണമെന്ന് കേരള വനിതാ കോൺഗ്രസ്-എം ആവശ്യപ്പെട്ടിരുന്നു. പദ്ധതി നടപ്പാക്കിയ സംസ്ഥാന സർക്കാരിനെ കേരള വനിത കോൺഗ്രസ്-എം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് ബീനാ സുരേഷ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ഏലമ്മ ഇലവുങ്കൽ മുഖ്യപ്രഭാഷണം നടത്തി.
റെജി മേച്ചേരികുന്നേൽ, ഡോ. ത്രേസ്യമ്മ കൊങ്ങോല, ബിന്ദു ഷാജു, അനിഷ ചന്ദ്രേഷ്, ആലീസ് ജോസഫ്, സോളി കാരിക്കാട്ടിൽ, സിജി വേലിയ്ക്കകത്ത്, മേരിക്കുട്ടി ജോൺസൺ, സിമിൽ ഷോണി എന്നിവർ പ്രസംഗിച്ചു.
Tags : nattuvisheasham local