ഒന്നാങ്കര പാലത്തിലെ ടാർ ഇളക്കിമാറ്റിയ നിലയിൽ.
ചമ്പക്കുളം: ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പണികൾ എന്നു തീരുമെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ. പണിയുക അതു പൊളിക്കുക വീണ്ടും പണിയുക ഇതാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്ന ഓരോരുത്തർക്കും തോന്നുക. സർക്കാർ ഖജനാവിലെ പണമുപയോഗിച്ച് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോൾ എസി റോഡിൽ കാണുന്നത്.
ഇവിടെ പണി പൂർത്തിയായ പല ഭാഗങ്ങളിലും അടയാളപ്പെടുത്തലുകൾ വരെ തീർന്നിരുന്നു. പല പാലങ്ങളിലും ഉയരപ്പാതകളിലും ഒന്നിലധികം തവണ ടാറിംഗ് പണികളും പൂർത്തീകരിച്ചിരുന്നു.
അങ്ങനെ പൂർത്തീകരിച്ച പല സ്ഥലങ്ങളിലും വാഹനങ്ങൾ അപകടത്തിലാവും വിധം റോഡിലെ ടാറിംഗിന് സ്ഥാനമാറ്റം വന്നിരുന്നു. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചെന്നു കൊട്ടിഘോഷിച്ച് കരാർ കമ്പനി നടത്തുന്ന നിർമാണങ്ങൾ ഈ റോഡിന്റെ കാര്യത്തിൽ പരാജയമായി മാറുമ്പോൾ, കുട്ടനാട്ടിൽ സാധാരണ നടത്തുന്ന റോഡു പണിയായിരുന്നു എങ്കിൽ ഇതിനേക്കാൾ മെച്ചമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പുതിയ ടാറിംഗ് പലയിടത്തും പൊങ്ങിയും താണും നിൽക്കുകയാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് ടാർ ചെയ്തത് ഇളക്കി മാറ്റി വീണ്ടും ടാർ ചെയ്യാനുള്ള പണി നടത്തിവരുന്നു. ഒന്നിലധികം തവണ ഇപ്രകാരമുള്ള പ്രവൃത്തികൾ ചെയ്യുന്നതിന്റെ സാമ്പത്തിക ബാധ്യതയും സാർക്കാരിനാണു വരുന്നത്. എന്തുകൊണ്ട് ഇപ്രകാരം അനാവശ്യ പ്രവൃത്തികൾ ചെയ്യേണ്ടിവരുന്നു? ഇതിന് ആർക്കാണ് ഉത്തരവാദിത്വം? തുടങ്ങിയ ചോദ്യങ്ങൾ പലയിടങ്ങളിലുംനിന്ന് ഉയരുന്നുണ്ടെങ്കിലും അവയൊന്നും ഫലം കാണുന്നില്ലെന്നു മാത്രം.
കിലോമീറ്ററിന് 30കോടിയിലധികം ചെലവഴിച്ച് നിർമിക്കുന്ന റോഡാണ് പ്രാദേശിക ഗ്രാമീണ റോഡിനേക്കാൾ മോശപ്പെട്ട അവസ്ഥയിലാകുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴവെള്ളം റോഡിൽ പലഭാഗത്തും കെട്ടിക്കിടന്നത് യാത്രികർക്ക് ഭീഷണി ആയിരുന്നു. വശത്ത് കനാലുണ്ടായിരിക്കേ അത് അവഗണിച്ച് ഉയരത്തിൽ ഓട നിർമിക്കാനുള്ള എൻജിനിയറിംഗ് വൈദഗ്ധ്യം ഇവിടെ എടുത്തു പറയേണ്ടിവരും. മഴ പെയ്താൽ റൂം ഫോർ റിവർ എന്നത് മാറ്റി റോഡ് ഫോർ റിവർ എന്നാക്കാവുന്ന അവസ്ഥയിലാണ് എസി റോഡ്.
എസി റോഡിന്റെ ശാപമെന്ന് അവസാനിക്കും. ഏഴ് പതിറ്റാണ്ട് മുൻപ് ആരംഭിച്ച ഈ റോഡിന് കേവലം 24 കിലോമീറ്റർ ദൈർഘ്യമേയുള്ളൂ എങ്കിലും, നിർമാണം തുടങ്ങിയ കാലം മുതൽ ഇന്നുവരെ ഈ ദൂരം മുഴുവൻ ഒരേ പോലെ ഉപയോഗിക്കാൻ ഈ നാട്ടുകാർക്ക് ഭാഗ്യം ലഭിച്ചിട്ടില്ലെന്നാണ് മുതിർന്ന തലമുറ പറയുന്നത്.
ഇതാണ് നിർമാണ രീതിയെങ്കിൽ അടുത്ത കാലത്തൊന്നും എസി റോഡ് പൂർണമായും സഞ്ചാരയോഗ്യമാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Tags : Work demolition nattuvishesham lcoal news