പ്രവൃത്തി പുരോഗമിക്കുന്ന മേലെ കൂമ്പാറ- അകമ്പുഴ - താഴെ കക്കാട് റോഡ്
കൂടരഞ്ഞി : മലയോരഹൈവേ കോടഞ്ചേരി - കക്കാടംപൊയിൽ റീച്ചിന്റെ അനുബന്ധറോഡായ മേലെ കൂമ്പാറ അകമ്പുഴ - താഴെ കക്കാട് റോഡിന്റെ നിർമാണ പ്രവർത്തി പ്രാരോഗമിക്കുന്നു. 26.25 കോടി വിനിയോഗിച്ചാണ് മലയോഹൈവേയ്ക്ക് കണക്ടിംഗ് റോഡ് പണിയുന്നത്. മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായി അലൈൻ മെന്റിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും കിഫ്ബി വ്യവസ്ഥകൾക്ക് വിധേയാകാത്തതിനാൽ ഈ റോഡ് പിന്നീട് അലൈൻമെന്റിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ചെങ്കുത്തായ കുന്നിൻ മുകളിലൂടെകടന്നു പോകുന്നതിനാൽ മലമ്മോരഹൈവേ മാനദണ്ഡങ്ങൾ സംബന്ധിച്ച് സാങ്കേതിക പ്രശ്നത്തെത്തുടർന്നാണ് ഈ ഭാഗം മാത്രം ഒഴിവാക്കി നിർത്തിയിരുന്നത്.
ഗ്രാമീണറോഡിൽ ഉൾപ്പെടുത്തി കണക്ടിംഗ് റോഡിന്റെ ഭാഗമായി നവീകരിക്കാൻ നേരത്തേ തുക അനുവദിച്ചിരുന്നു. 3.5 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡാണ് നിർമിക്കുന്നത്. പുതിയതായി രണ്ട് പാലങ്ങളും നിർമ്മിക്കും. പിടിഎസ്. ഹൈടെക് പ്രോജക്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കരാറുകാർ.
കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാകുന്നതോടെ ഒട്ടേറെ കർഷക കുടുംബങ്ങൾക്കും ചുള്ളിയകം ആദിവാസി കോളനി, അകമ്പുഴ കണ്ടിലംപാറ ആദിവാസി കോളനിവാസികൾക്കും ആശ്വാസമാകും.
കക്കാടംപൊയിലിന്റെ ടൂറിസം മാപ്പിലെ പ്രാധാന ആകർഷ കേന്ദ്രങ്ങളായ നായാടംപൊയിൽ, കുരിശുമല, മേടപ്പാറ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ സാധിക്കും. റോഡ് യാഥാർഥമാകുന്നതോടെ മലയോര വിനോദസഞ്ചാരമേഖലയിൽ പുത്തൻ ഉണർവാകുമെന്ന് അകമ്പുഴ വികസന സമിതി കൺവീനർ സി.ജെ. ജോൺ ചെറിയാംപുറത്ത്, സാജു ജെയിംസ് എന്നിവർ പറഞ്ഞു.
Tags : Local News Nattuvishesham Kozhikode