ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി വിഭാഗം എക്സ്-റേ യൂണിറ്റ് തകരാറായി ഒരാഴ്ച പിന്നിട്ടിട്ടും പരിഹരിച്ചില്ല. ഇതേത്തുടർന്ന് രോഗികൾ ദുരിതത്തിൽ.
ദിവസവും രാവിലെ മുതൽ ആയിരക്കണക്കിന് രോഗികളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നത്. കൈകാലുകൾ ഒടിഞ്ഞും അപകടത്തിൽ പരിക്കേറ്റും നിരവധി പേരാണ് ഒപിയിലെത്തുന്നത്. ഒട്ടുമിക്ക രോഗികൾക്കും എക്സ്-റേ ആവശ്യമായി വരുന്നുണ്ട്. ഇവരൊക്കെ ഒപി വിഭാഗത്തിലെ എക്സ്-റേ യൂണിറ്റിനെയാണ് ആശ്രയിച്ചിരുന്നത്. ഇവിടത്തെ എക്സ്-റേ യൂണിറ്റ് തകരാറിലായതിനാൽ ഒരാഴ്ചയായി എക്സ്-റേ മുറി അടച്ചുപൂട്ടിയിരിക്കുകയാണ്.തുടർന്ന് രോഗികൾ ഒപി വിഭാഗത്തിൽനിന്നകലെ പുതിയ സർജിക്കൽ ബ്ലോക്കിലുള്ള എക്സ്-റേ യൂണിറ്റുവരെ പോകേണ്ടിവരുന്നു.
ഒടിവുംചതവുമായി വരുന്ന രോഗികളാണെങ്കിൽ സർജിക്കൽ ബ്ലോക്കിൽ പോകാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരും. എക്സ്-റേ എടുത്തശേഷം റിസൾട്ടുമായി തിരികെ ഒപിയിലെത്തി ഡോക്ടറെ കാണണം.
കാലതാമസം ഒഴിവാക്കാൻ ഭൂരിഭാഗം രോഗികളും കൂടുതൽ പണം മുടക്കി സ്വകാര്യ സ്ഥാപനങ്ങളെ എക്സ്-റേ എടുക്കാൻ ആശ്രയിക്കുകയാണ്.
എക്സ്-റേ യൂണിറ്റിന്റെ തകരാർ പരിഹരിക്കാൻ വൈകുംതോറും രോഗികളുടെ ദുരിതവുമേറും.
Tags :